റിയോ ഡി ജനീറോ: സ്‌പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ഇന്ന് മുപ്പതാം പിറന്നാള്‍. നെയ്മറിനും സംഘത്തിനും പിന്തുണയുമായി മാരക്കാനയിലായിരുന്നു പിറന്നാള്‍ തലേന്ന് ബോള്‍ട്ട്.ഒളിംപിക്‌സില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ തികച്ചതിന്റെ നിറവിലാണ് ഉസൈന്‍ ബോള്‍ട്ടിന്റെ 30ആം പിറന്നാള്‍. ഒളിംപിക് വില്ലേജില്‍ സഹതാരങ്ങള്‍ക്കൊപ്പമാണ് ആഘോഷം.

പോയ രാത്രി മാരക്കാനയിലായിരുന്നു ബോള്‍ട്ടും സഹതാരങ്ങളും. നെയ്മറുടെ കടുത്ത ആരാധകനായ ബോള്‍ട്ട് ഫുട്ബോള്‍ ഫൈനലില്‍ ബ്രസീലിന് പിന്തുണയുമായി എത്തിയതായിരുന്നു. മത്സരശേഷം വിജയാഹ്ലാദം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തിരിച്ച് റൂമിലെത്തിയ ബോള്‍ട്ട് പിറന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളും തുടങ്ങി.

ഒളിംപിക്‌സില്‍ ഒമ്പത് സ്വര്‍ണ്ണം നേടിയ ഇതിഹാസ താരമായ ബോള്‍ട്ടിന്റെ പിറന്നാള്‍ ആഘോഷം ഒളിംപിക് വില്ലേജില്‍. കാലം കാത്തുവെച്ച കാവ്യനീതി.