റിയോ ഡി ജനീറോ: ബോക്സിംഗ് ജഡ്ജിംഗിൽ അഴിമതിയെന്ന ആരോപണത്തെ തുടർന്ന് റഫറിമാർക്കെതിരെ നടപടി. ആരോപണ വിധേയരെ ഒളിംപിക്സ് ജഡ്ജിംഗിൽ നിന്ന് മാറ്റി നിർത്തുമെന്ന് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷൻ. വിധി നി‍ർണയം പക്ഷപാദപരമായിരുന്നുവെന്ന് പല മത്സരങ്ങളെക്കുറിച്ചും ആരോപണം ഉണ്ട്. ലണ്ടൻ ഒളിംപിക്സിലെ വെങ്കലമെഡൽ ജേതാവ് മൈക്കിൾ കോൺലാൻ മത്സരശേഷം പരസ്യമായി ആരോപണം ഉന്നയിച്ചു.

56 കിലോ വിഭാഗം ക്വാർട്ടർ ഫൈനലിൽ റഷ്യയുടെ വ്ലാഡിമർ നികിറ്റിനോട് പരാജയപ്പെട്ടാണ് മൈക്കിൾ കോൺലാൻ പുറത്തായത്. അഴിമതി നിറഞ്ഞ അമച്വർ മത്സരവേദിയിലേക്ക് ഇനി ഇല്ലെന്നും കോൺലാൻ പ്രഖ്യാപിച്ചു. തുടർന്ന് കോൺലാനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി.ഹെവി വെയ്റ്റ് വിഭാഗത്തിൽ കസാഖിസ്ഥാന്റെ ലെവിറ്റിനെതിരെ റഷ്യൻ താരം ടിഷ്ചെൻകോ നേടിയ വിജയവും സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം റഫറിമാരെ ഒളിംപിക് മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്താനുള്ള തീരുമാനത്തിലേക്ക് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷൻ എത്തിയത്.

തീരുമാനങ്ങളിൽ കൂടുതൽ കൃത്യത വരുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും അസോസിയേഷൻ അറിയിച്ചു. എന്നാൽ നിലവിലെ ഫലങ്ങളിൽ മാറ്റം ഉണ്ടാകില്ല. കഴിഞ്ഞ ലണ്ടൻ ഒളിംപിക്സ് ബോക്സിംഗ് ജഡ്ജ്മെന്റിനെതിരെയും നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയുടെ മനോജ് കുമാർ ജഡ്ജ്മാരുടെ തെറ്റായ തീരുമാനത്തിലാണ് അന്ന് പുറത്തായത്.