റിയോ: ഹോണ്ടുറാസിനെ ഗോള്‍ മഴയില്‍ മുക്കി ബ്രസീല്‍ റിയോ ഒളിംപിക്സ് ഫൈനലില്‍ പ്രവേശിച്ചു. കളിയുടെ ആദ്യ മിനിറ്റിലും അവസാന മിനിറ്റിലും ഗോളടിച്ച് നായകന്‍ നെയ്മര്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ മഞ്ഞക്കിളികളുടെ ഫൈനല്‍ പ്രവേശനം അനായാസമായി. ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകള്‍ വീതമാണ് ഹോണ്ടുറാസ് വലയില്‍ ബ്രസീല്‍ നിറച്ചത്. 

ഒളിമ്പിക്‌സ് ഫുട്‌ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോള്‍ നേടിയാണ് നെയ്മര്‍ ഹോണ്ടുറാസ് വേട്ടയ്ക്കു തുടക്കമിട്ടത്. കളിയുടെ 14 -മത്തെ സെക്കന്‍ഡില്‍ ബ്രസീല്‍ നായകന്‍ ഗോള്‍ നേടി. എന്നാല്‍ ഗോള്‍ നേടിയ നെയ്മര്‍ തൊട്ടുപുറകെ പരിക്കേറ്റ് സ്ട്രച്ചറില്‍ പുറത്തേക്കുപോകുന്നതാണ് കണ്ടത്. 

ചികിത്സ തേടിയ ശേഷം നെയ്മര്‍ കളത്തിലേക്ക് തിരിച്ചുവന്നു. 25 -മത്തെ മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന്‍റെ ബൂട്ടില്‍നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍. പത്തുമിനിറ്റുകള്‍ക്കു ശേഷം ജീസസ് കാനറികളുടെ ഗോള്‍ ലീഡ് മൂന്നായി ഉയര്‍ത്തി. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ വീണ്ടും ഹോണ്ടുറാസ് വലയില്‍ പന്തെത്തിച്ചു. 51 -മത്തെ മിനിറ്റില്‍ മര്‍ക്കിന്യോസാണ് ഹോണ്ടുറാസിനെ വീണ്ടും ശിക്ഷിച്ചത്. 79 -മത്തെ മിനിറ്റില്‍ വീണ്ടും ഗാലറികളില്‍ മഞ്ഞക്കടലിരമ്പി. ഇത്തവണ ലുവാന്റെ ബൂട്ടുകളാണ് ശബ്ദിച്ചത്. 

അഞ്ചു ഗോളില്‍ കാര്യം കഴിഞ്ഞെന്നു കരുതിയ ഹോണ്ടുറാസുകാര്‍ക്ക് പെനാല്‍റ്റിയുടെ രൂപത്തില്‍ അവസാന പ്രഹരമെത്തി. ലുവാനെ ബോക്‌സില്‍ വീഴ്ത്തിയതിന് ബ്രസീലിന് റഫറി പെനാല്‍റ്റി അനുവദിച്ചു. നെയ്മര്‍ പന്തിനെ അനായാസം വലയുടെ ഇടത് മൂലയില്‍ നിക്ഷേപിച്ച് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. നൈജീരിയയെ തോല്‍പ്പിച്ച ജര്‍മ്മനിയാണ് ഫൈനലില്‍ ബ്രസീലിന്‍റെ എതിരാളികള്‍.