ഗ്രീസിലെ ഒലിവെണ്ണ മണക്കുന്ന തെരുവുകളിലെ ആരാധനാലയങ്ങളില്‍ തുടങ്ങിയ അഗ്‌നി തെളിക്കുന്ന പതിവ് ഒളിംപിക്‌സിലേക്ക് കൊണ്ടുവന്നത് യവന ദേവന്‍മാരെ ആരാധിച്ചിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍. മെല്ലെ ഉദ്ഘാടന ചടങ്ങിലെ ഏറ്റവും വലിയ ആകര്‍ഷണമായി ഇത് മാറി. ദീപം തെളിയിക്കുന്ന രീതിയിലും പുതുമകള്‍ വന്നു. 1992ല്‍ ബാഴ്‌സലോണയില്‍ അന്റോണിയോ റിബല്ലോ അമ്പെയ്താണ് ദീപം പകര്‍ന്നത്. ശതാബ്ദി ഒളിംപിക്‌സില്‍ ഇതിന് ഭാഗ്യം കിട്ടിയത് ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിക്ക്. 2000ല്‍ സിഡ്‌നിയില്‍ കാത്തി ഫ്രീമാനെ തെരഞ്ഞെടുത്തപ്പോള്‍ വര്‍ഷങ്ങളായി അവഗണന നേരിട്ട ആദിമ വംശജര്‍ക്കുള്ള അംഗീകാരമായി അത്.

ഏതന്‍സില്‍ ദീപം തെളിച്ചത് ശതാബ്ദി ഒളിംപിക്‌സില്‍ മെഡല്‍ നേടിയ നിക്കോളാസ് കക്ലമനാകിസ്. 2008ല്‍ കിളിക്കൂട്ടിലെ വിസ്മയക്കാഴ്ചകള്‍ക്കൊടുവില്‍ ലി നിംഗ് പറന്നെത്തി ദീപം തെളിച്ചു. കഴിഞ്ഞ തവണ ലണ്ടനില്‍ ഏഴ് യുവ അത്‌ലറ്റുകള്‍ ചേര്‍ന്ന് തെളിച്ച ദീപം എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്നതായി. കാര്‍ണിവലിന്റെയും സാംബയുടെയും നാടായ ബ്രസീല്‍ എന്ത് വിസ്മയമാകും ഒരുക്കി വച്ചിട്ടുണ്ടാവുക. ദീപം തെളിയിക്കുന്നത് പെലെയന്ന ഇതിഹാസമോ അതോ ബ്രസീലിന്റെ മറ്റേതെങ്കിലും സുവര്‍ണതാരമോ? കാത്തിരിക്കാം...