റിയോ ഡി ജനീറോ: റിയോ നഗരത്തിന്റെ തലയെടുപ്പാണ് ക്രൈസ്റ്റ് ദ റെഡീമർ പ്രതിമ. റിയോയിലെത്തുന്ന ആരും ഇത് കാണാതെ മടങ്ങാറില്ല.എന്നാൽ അവരിൽ അധികം പേരും രക്ഷകനായ ഈ ക്രിസ്തുവിനുള്ളിൽ എന്താണെന്ന് അറിയാറില്ല. പ്രതിമ കാണാന്‍ ട്രെയിൻ പിടിച്ച് ടിഷൂക ദേശീയ ഉദ്യാനത്തിലൂടെ വേണം കോർക്കോ വാദ മലമുകളിലെത്താൻ.ട്രെയിനിറങ്ങി നടന്ന് എസ്കലേറ്ററുകളും കയറി ചെന്നാൽ തൊട്ട് മുന്നിൽ കൈകൾ വിരിച്ച് ലോകത്തെ പുണരാൻ കൊതിച്ചു നിൽക്കുന്ന ക്രിസ്തു. അനിർവചനീയ നിമിഷങ്ങൾ.

എല്ലാവരും ക്രിസ്തുവിനെ ചേർത്ത് ഒരു സെൽഫി തരപ്പെടുമോയെന്ന നോട്ടത്തിലാകും.അതിന്ചരിഞ്ഞും കിടന്നും ഒക്കെ ശ്രമിക്കും. അതിനപ്പുറം ക്രിസ്തുവിന്റെ ഉള്ളിരിപ്പിനെക്കുറിച്ച് ചിന്തിക്കുന്നവർ കുറവായിരിക്കും. എന്നാൽ ആകാശത്തോളം തലപ്പൊക്കത്തിൽ നിൽക്കുന്ന രക്ഷകനും ഒരുള്ളുണ്ട്. അതിനകത്തേക്കാകാം യാത്ര. പ്രതിമയുടെ പുറക് വശത്തുള്ള ചെറിയ ദ്വാരത്തിലൂടെ വേണം ഉള്ളിലേക്ക് കടക്കാൻ. വലിയ ബീമുകൾക്ക് ഇടയിലെ ചെറിയ പാത.

ഇരുമ്പ് കമ്പിയിൽ തീർത്ത ഏണിയിൽ ഒരേസമയം ഒരാൾക്കേ കയറാനാവു. ഇടയ്ക്ക് ബൾബുകളുണ്ട്. ചെറിയ ദ്വാരങ്ങളിലൂടെയാണ് കയറേണ്ടത്.മുകളിലേക്ക് എത്തുന്തോറും ചിലപ്പോഴൊക്കെ വെളിച്ചം തീരെയില്ലാതാകും.ഏണികൾ കയറി മുകളിലെത്തിയാൽ മുകളിൽ അഞ്ച് മൂടികൾ ഉണ്ട്.നാലെണ്ണം ക്രിസ്തുവിന്റെ കൈകളിലും ഒന്ന് ശിരസിലും. ക്രിസ്തുവിനുള്ളിലൂടെ കടന്നുളള റിയോയുടെ കാഴ്ച മറ്റൊന്നാണ്.

കുറച്ചു നേരം ഇങ്ങനെ നിന്നാൽ ചിലപ്പോൾ മേഘങ്ങൾ മുഖം തൊട്ടെന്നിരിക്കും. പക്ഷെ ക്രിസ്തുവിനുള്ളിലൂടെയുള്ള യാത്ര എല്ലാവർക്കും തരപ്പെടില്ല. അറ്റകുറ്റപ്പണി നടത്തുന്നവർ, ഗവേഷകർ, ചുരുക്കം ചില ഫോട്ടോഗ്രാഫർമാർ എന്നിവർക്ക് മാത്രമെ അതിനുള്ള ഭാഗ്യം കിട്ടൂ. ക്രിസ്തുവിനെ ഉള്ളാലെ അറിഞ്ഞ സന്തോഷത്തിൽ ഇന്ന് റിയോ ഡയറി മടക്കുന്നു.