റിയോ ഡി ജനീറോ: ജിംനാസ്റ്റിക്ക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ദിപ കര്‍മാക്കറിന് ഇന്ന് പിറന്നാള്‍ ദിനം. എന്നാല്‍ പിറന്നാളാഘോഷങ്ങള്‍ ഒഴിവാക്കി റിയോയില്‍ കഠിന പരിശീലനത്തിലാണ് ദിപ. പിറന്നാള്‍ അടുത്ത വര്‍ഷവുമുണ്ടാകും, എന്നാല്‍ ഒളിംപിക്‌സിനായി ഇനിയും നാലു വര്‍ഷം കാത്തിരിക്കണമെന്നാണ് ദിപ പറയുന്നത്.
ജിംനാസ്റ്റിക്ക്‌സില്‍ ദിപ ചരിത്രം കുറിക്കുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. നാടും വീടും വിട്ട് ഭൂഖണ്ഡങ്ങള്‍ക്കപ്പുറം റിയോയില്‍ കഠിന പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദിപക്ക് ഇന്ന് 23 ന്റെ മധുരം. പക്ഷേ ആഘോഷങ്ങള്‍ ഒന്നുമില്ല. ദിപയുടെ കോച്ച് ബിശ്വേശ്വര്‍ നന്ദി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഫൈനല്‍ കഴിയും വരെ ഒളിംപിക്‌സ് വില്ലേജില്‍ നിന്ന് ദിപ പുറത്തു പോവുകയേ വേണ്ട എന്നാണ് കോച്ചിന്റെ തീരുമാനം. ആശംസകളും പിറന്നാള്‍ സമ്മാനങ്ങളും സ്വീകരിക്കാനും ദിപക്ക് അനുവാദമില്ല. ദിപയുടെ ഫോണില്‍ നിന്ന് സിം കാര്‍ഡും മാറ്റിക്കഴിഞ്ഞു. അച്ഛനമ്മമാര്‍ക്ക് ആശംസകളറിയിക്കാന്‍ കോച്ചിന്റെ ഫോണിലേക്ക് വിളിക്കാം. കുടംബാഗംങ്ങള്‍ ദിപക്കായി പ്രത്യേക പൂജ നടത്തും. പരിശീലനത്തില്‍ നിന്ന് ദിപയുടെ ശ്രദ്ധ മാറാതിരിക്കാനാണ് പരിശീലകന്റെ സ്‌നേഹത്തില്‍ പൊതിഞ്ഞ ഈ പിടിവാശി. ഇതില്‍ ദിപക്കും പരിഭവമില്ല. ഏതായാലും മെഡല്‍ നേടിക്കഴിഞ്ഞാല്‍ പിറന്നാള്‍ ആഘോഷത്തിന് ഇരട്ടി മധുരമായിരിക്കുമല്ലോ.
