റിയോ ഡി ജനീറോ: ഒളിംപിക്സ് ജിംനാസ്റ്റിക്സിന്റെ ഫൈനലിലെത്തി ഇന്ത്യയുടെ അഭിമാനമായ ദിപ കര്‍മാകറിന്റെ ആഗ്രഹത്തിനുനേരെ ഒടുവില്‍ കായികമന്ത്രാലയം കണ്ണുതുറന്നു. ദിപ പങ്കെടുക്കുന്ന വോള്‍ട്ട് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ദിപയുടെ പേഴ്സണല്‍ ഫിസിയോ സജദ് അഹമ്മദ് മിറിന് റിയോയിലേക്ക് പോകാന്‍ സ്പോര്‍ട്സ് അതോറിറ്റ് ഓഫ് ഇന്ത്യ(സായ്) അനുമതി നല്‍കി. തന്റെ പേഴ്സണല്‍ ഫിസിയോയെയും റിയോയിലേക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഒളിംപിക്സിന് മുമ്പ് ദിപയും പരിശീലകന്‍ ബിശേശ്വര്‍ നന്ദിയും കായിക മന്ത്രാലയത്തോടും സായി അധികൃതരോടും ആവശ്യപ്പെട്ടിരുന്നു.
സായി ഇത് തത്വത്തില്‍ അംഗീകരിച്ചെങ്കിലും അജ്ഞാതമായ കാരണങ്ങളാല്‍ മിറിന് റിയോയിലേക്ക് പോകാനായില്ല. എന്നാല്‍ വോള്‍ട്ട് ഫൈനലിലെത്തി ദിപ ചരിത്രം തിരുത്തിയതോടെ സായി അധികൃതര്‍ തിടുക്കത്തില്‍ ഇടപ്പെട്ട് മിറിന് റിയോയിലേക്ക് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. റിയോയിലേക്കുള്ള അടുത്ത വിമാനത്തില്‍ തന്നെ മിര്‍ യാത്ര തിരിയ്ക്കും.
ഇപ്പോള്‍ റിയോയിലുള്ള കായിക മന്ത്രി വിജയ് ഗോയലിന്റെ ഇടപെടലും ഇക്കാര്യത്തില്‍ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സഹായകരമായി. വോള്‍ട്ട് ഫൈനലില്‍ ദിപയ്ക്കൊപ്പം മത്സരിക്കാനിരിക്കുന്ന മറ്റ് ഏഴ് താരങ്ങള്‍ക്കും പേഴ്സണ്‍ ഫിസിയോ ഉണ്ട്. എന്നാല്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ സംഘത്തിലുള്ള ഫിസിയോയുടെ സേവനമാണ് ദിപ ഉപയോഗിച്ചത്. റിയോയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നിരവധി താരങ്ങള്‍ തങ്ങളുടെ പേഴ്സണല്‍ ഫിസിയോമാരെ കൂടെക്കൂട്ടാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും കായികമന്ത്രാലയം അനുമതി നല്‍കിയിരുന്നില്ല.
