ഇഷ്ട മത്സരയിനമായ ടേബ്ള്‍ വോള്‍ട്ടില്‍ തന്നെയാണ് ദിപ ഫൈനലില്‍ കടന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഈയിനത്തില്‍ നേടിയ വെങ്കല മെഡല്‍, ഒളിമ്പിക്സിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് വലിയ നേട്ടമായിരിക്കും റിയോ സമ്മാനിക്കുക. ഞായറാഴ്ച രാത്രിയാണ് നാല് ഇനങ്ങളിലെ ജിംനാസ്റ്റിക്സ് യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചത്. ഇന്ത്യന്‍ സമയം രാവിലെ ആറരയോടെയാണ് മത്സരങ്ങള്‍ അവസാനിച്ചത്. മൂന്നാം റൗണ്ടില്‍ കളത്തിലിറങ്ങിയ ദിപ ടേബ്ള്‍ വോള്‍ട്ടില്‍ നാലാം സ്ഥാനത്തെത്തുകയായിരുന്നു. ശേഷിച്ച രണ്ട് റൗണ്ട് മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാവിലെ മൂന്നു മണിക്കും അഞ്ച് മണിക്കുമാണ് ക്രമീകരിച്ചിരുന്നത്. നാലാം റൗണ്ടിലെ യോഗ്യതാ മത്സരം കഴിഞ്ഞ് ദീപയ്ക്ക് മുന്നില്‍ രണ്ട് പേര്‍ കൂടി എത്തിയപ്പോള്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന റൗണ്ടില്‍ ഒരു അമേരിക്കന്‍ താരം മാത്രംദിപയെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ എട്ടാം സ്ഥാനത്തെത്തുകയായിരുന്നു. ആദ്യ എട്ട് പേര്‍ക്കാണ് ഫൈനലില്‍ അവസരം ലഭിക്കുന്നത്.
ഓഗസ്റ്റ് 14ന് രാത്രി 11.15നാണ് ദിപയുടെ ഫൈനല്‍ മത്സരം നടക്കുന്നത്. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ ദിപ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. അതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായാല്‍ ഒരു ഒളിമ്പിക് മെഡല്‍ സ്വന്തമാക്കാനും ദിപയ്ക്ക് കഴിയും.
