റിയോ: ഒളിംപിക്സ് ഫൈനലിലെത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് ഇന്ത്യന്‍ ജിംനാസ്റ്റ് ദിപ കര്‍മാകര്‍. എതിരാളികളെ പേടിയില്ലെന്നും ദിപ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജിംനാസ്റ്റിക്സില്‍ ഒളിംപിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് ദിപ.

ജിംനാസ്റ്റിക്സിലെ ഏറ്റവും അപകടം നിറഞ്ഞ പ്രൊഡനോവ വോള്‍ട്ട് വിജയകരമായി പൂര്‍ത്തിയാക്കിയ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ജിംനാസ്റ്റ്. റിയോയിലെത്തിയ ഇന്ത്യന്‍ സംഘത്തില്‍ ഒരു പക്ഷേ എല്ലാവര്‍ക്കും പ്രിയപ്പെട്ട താരം. ആദ്യ ഒളിംപിക്സില്‍ രാജ്യത്തെ നിരാശപ്പെടുത്തില്ലെന്ന് ദിപ കര്‍മാകറിന് ഉറപ്പുണ്ട്.

ത്രിപുരയിലെ സാധാരണ സാഹചര്യങ്ങളില്‍ നിന്ന് മോദിക്കും സച്ചിനും പ്രിയപ്പെട്ടവളായി വളര്‍ന്നതിന് കാരണം പരിശീലകന്‍ നന്ദിയുടെ സമര്‍പ്പണം എന്ന് ദിപ പറയും

പൊതുവെ ദിപ അധികം സംസാരിക്കാറില്ല. എന്നാല്‍ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞ‌പ്പോള്‍ ദിപയ്ക്ക് നൂറുനാവാണ് കാരണം, കേരളത്തില്‍ നടന്ന നാഷണല്‍ ഗെയിംസില്‍ അഞ്ച് മെഡലാണ് ദിപ നേടിയത്.