റിയോ ഡി ജനീറോ: ഒളിംപിക് മെഡൽ നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ടിട്ടും ചിരിച്ച മുഖവുമായി വേദി വിട്ട ദീപ കർമാകറെയാണ് ലോകം കണ്ടത്. ജിംനാസ്റ്റിക്സിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. രാജ്യമൊന്നാകെ ആവേശഭരിതമായ നിമിഷങ്ങൾ. എന്നാൽ സ്വന്തം നഷ്ടം ഓർത്ത് ഗെയിംസ് വില്ലേജിൽ വിങ്ങിപ്പൊട്ടിയ ഒരു ദീപയുണ്ട്. കോച്ച് ബിശ്വേശ്വർ നന്ദിയുടെ വാക്കുകളിലൂടെയാണ് ആ ദീപയെ പുറം ലോകം അറിഞ്ഞത്.
നേരിയ വ്യത്യാസത്തിൽ നഷ്ടമായ വെങ്കല മെഡൽ ദിപയുടെ ഹൃദയം തകർത്തിരുന്നു. കോച്ചിന്റെ വാക്കുകൾക്കുപോലും ആ കണ്ണീർ പ്രവാഹത്തെ തടയാനായില്ല. ലോകത്തെ ഏറ്റവും ദുഖിതനായ കോച്ചെന്നാണ് ഈ നിമിഷത്തെ നന്ദി വിശേഷിപ്പിച്ചത്. പക്ഷെ നഷ്ടമെഡലിനെക്കുറിച്ച് ഓർത്ത് വിഷമിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ദീപക്കും കോച്ചിനും അറിയാം.
വലിയ ലക്ഷ്യമാണ് മുന്നിലുള്ളത്. 2020 ടോക്യോ ഒളിംപിക്സിൽ മെഡൽ. ഇത്തവണ അധികൃതരുടെ ഭാഗത്ത് നിന്ന് കിട്ടിയത് മികച്ച പിൻതുണ. ഇനിയുമത് ഉണ്ടാവണം. ദിപയുടെ സ്വന്തം നാടായ ത്രിപുരയിലെ അഗർത്തലയിൽ തന്നെ പരിശീലനം നടത്താനുള്ള സൗകര്യം സർക്കാർ ചെയ്ത് തരുമെന്നാണ് പ്രതീക്ഷയെന്നും ബിശ്വേശ്വർ നന്ദി പറഞ്ഞു.
