റിയോ ഡി ജനീറോ: എതിരാളികള്‍ ആരുമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ചാണ് അമേരിക്കന്‍ റിലേ ടീം ഫൈനലില്‍ എത്തിയത്. ഹീറ്റ്‌സ് മത്സരത്തില്‍ സംഭവിച്ചത് നാടകീയ നിമിഷങ്ങള്‍.. 4 x 100 മീറ്റര്‍ ഹീറ്റ്‌സിനിടെയാണ് നാടകീയ സംഭവങ്ങള്‍. നന്നായി ഓടി തുടങ്ങിയ അമേരിക്കന്‍ സംഘത്തെ ഞെട്ടിച്ചുകൊണ്ട് അലിസണ്‍ ഫെലിക്‌സിന്റെ കൈയിലെ ബാറ്റണ്‍ താഴെ വീണു. ബാക്കിയുള്ളവര്‍ ഓടിക്കയറി പക്ഷേ അമേരിക്കയ്ക്ക് ഫൈനല്‍ യോഗ്യത നേടാനായില്ല.
തൊട്ടുത്ത ട്രാക്കിലോടിയ ബ്രസീല്‍ താരം കയുസ വെനാന്‍സിയോ കൈമുട്ടുകൊണ്ട് തട്ടിയത് കൊണ്ടാണ് ബാറ്റണ്‍ പാസ് പിഴച്ചതെന്ന് അലിസണ്‍ ഫെലിക്‌സ് വാദിച്ചു. പരാതിയുമായി അമേരിക്ക അത്‌ലറ്റിക്‌സ് അസോസിയേഷനിലേക്ക്. ദൃശ്യങ്ങള്‍ പരിശോധിച്ച സംഘാടകര്‍ അമേരിക്കയുടെ വാദം അംഗീകരിച്ചു. നാലാം സ്ഥാനത്ത് എത്തിയ ബ്രസീല്‍ ടീമിനെ അയോഗ്യരാക്കി. തുടര്‍ന്ന് സംഘാടകര്‍ വീണ്ടും അമേരിക്കക്ക് അവസരം നല്‍കി. ഇക്കുറി എതിരാളികളില്ലാതെ ട്രാക്കില്‍. 41.77 സെക്കന്‍ഡില്‍ മത്സരം ഫിനിഷ് ചെയ്ത് ചൈനയെ പിന്തള്ളി അമേരിക്ക ഫൈനലിലേക്ക് ഓടിക്കയറി.
