റിയോ ഡി ജനീറോ: ഒളിംപിക്‌സ് ജിംനാസ്റ്റിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിത ദിപ കര്‍മാകര്‍ നയം വ്യക്തമാക്കുന്നു. ഫൈനലില്‍ എത്തുക മാത്രമല്ല തന്റെ ലക്ഷ്യമെന്നും, ഫൈനലില്‍ ഇതുവരെ കാണാത്ത പല പ്രകടനങ്ങളും കാണാനാകുമെന്നും ദിപ പറയുന്നു. ജിംനാസ്റ്റിക് വോള്‍ട്ട് ഇനത്തില്‍ 14.850 പോയിന്റ് നേടി യോഗ്യതാ റൗണ്ടില്‍ എട്ടാം സ്ഥാനത്ത് എത്തിയാണ് ദിപ ഫൈനല്‍ യോഗ്യത സ്വന്തമാക്കിയത്. ദിപ ഫൈനലില്‍ അത്ഭുതം കാട്ടുമെന്ന് അവരുടെ പരിശീലകന്‍ ബിഷേശ്വര്‍ നന്ദി പറയുന്നു. ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമിട്ടു തന്നെയാണ് ദിപ ഇത്രയുംനാള്‍ പരിശീലനം നടത്തിയത്. അതിനുവേണ്ടിയുള്ള ആദ്യ കടമ്പ കടന്നു. ഇനി ഫൈനലില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് ലക്ഷ്യമിടുന്നത്. ആ പ്രകടനം മെഡലിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് നന്ദി. ദിപയ്‌ക്ക് ഇന്നു വിശ്രമ ദിനമാണ്. നാളെ മുതല്‍ കഠിന പരിശീലനം തുടരും. ദിപയ്‌ക്ക് മേല്‍ അധിക സമ്മര്‍ദ്ദമില്ലാത്തതുകൊണ്ടുതന്നെ ഫൈനലില്‍ അത്ഭുതം പ്രതീക്ഷിക്കാമെന്നാണ് താരത്തിന്റെ സുഹൃത്തുക്കള്‍ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 14 ഞായറാഴ്‌ചയാണ് ദിപയുടെ ഫൈനല്‍ മല്‍സരം നടക്കുന്നത്.