റിയോ ഡി ജനീറോ: ഒളിംപിക്സ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷ ഉണര്‍ത്തി ഇന്ത്യയുടെ കി‍ഡംബി ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ ലോക അഞ്ചാം സീഡായ ഡെന്‍മാര്‍ക്കിന്റെ ജാന്‍ ഒ ജോര്‍ഗെന്‍സനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് ഒമ്പതാം സീഡായ ശ്രീകാന്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. സ്കോര്‍ 21-19, 21-19.

നിര്‍ണായകമായ രണ്ടാം ഗെയിമില്‍ ആദ്യം 17-14നും പിന്നീട് 17-18നും പിന്നിലായിപ്പോയ ശ്രീകാന്ത് തുടര്‍ച്ചയായി മൂന്ന് പോയന്റുകള്‍ നേടി 20-18ന്റെ ലീഡെടുത്തു. ജോര്‍ഗെന്‍സന്‍ ഒരുപോയന്റ് കൂടി നേടിയെങ്കിലും തിരിച്ചുവന്ന ശ്രീകാന്ത് കളിയും ക്വാര്‍ട്ടര്‍ ബര്‍ത്തും സ്വന്തമാക്കി.

സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായെങ്കിലും വമ്പന്‍ താരങ്ങളെ അട്ടിമറിച്ച ചരിത്രമുള്ള ശ്രീകാന്ത് റിയോയിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. വനിതാ വിഭാഗത്തില്‍ പ്രീക്വാര്‍ട്ടറിലെത്തിയ പി.വി.സിന്ധുവാണ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ.