റിയോ ഡി ജനീറോ: തെക്കേ അമേരിക്ക വേദിയാകുന്ന ആദ്യ ഒളിംപിക്‌സിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദൃശ്യ വിസ്മയങ്ങള്‍ നിറയുന്ന ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുകയാണ് ലോകം. കണ്ണും മനസ്സും നിറയ്‌ക്കുന്ന ഉദ്ഘാടന ചടങ്ങില്‍ താരങ്ങളെത്തുക സ്വന്തം രാജ്യത്തിന്റെ കൊടിക്കീഴില്‍. ഈ അവിസ്മരണീയ മുഹൂര്‍ത്തത്തില്‍ ദേശീയ പതാകയേന്താന്‍ മിക്ക ടീമുകളും സൂപ്പര്‍ താരങ്ങളെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. ഫെല്‍പ്സും നദാലും അഭിനവ് ബിന്ദ്രയുമെല്ലാം ടീമുകളെ നയിച്ച് മാര്‍ച്ച് പാസ്റ്റിനെത്തും. ടീമിനെ നയിച്ച് പതാകയേന്തുന്നതാകട്ടെ ഏതൊരു താരത്തിന്റെയും ജീവിതത്തിലെ അത്യപൂര്‍വ്വ നേട്ടവും.

അമേരിക്കയെ നയിക്കാന്‍ സാക്ഷാല്‍ മൈക്കല്‍ ഫെല്‍പ്പ്സ് വരുമ്പോള്‍ സ്പെയിനിനെ റഫേല്‍ നദാലും ബ്രിുട്ടനെ ആന്‍ഡി മറേയും ഇന്ത്യയെ അഭിനവ് ബിന്ദ്രയുമാണ് നയിക്കുന്നത്. 207 രാജ്യങ്ങളിലെ ടീമുകള്‍ അണിനിരക്കുന്ന മാര്‍ച്ച്പാസ്റ്റില്‍, ആതിഥേയരായ മുതിര്‍ന്ന താരം യാന്‍ മാര്‍ക്കേസ് ആണ് ബ്രസീലിനെ നയിക്കുക.

റിയോയില്‍ ചരിത്രം കുറിച്ച് അഭിയാര്‍ത്ഥികളുടെ സംഘവും ഒളിംപിക് പതാകയേന്തി മാരക്കാനയുടെ മനം കവരും. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അക്ഷരമാല ക്രമത്തിലായിരുന്നു പരേഡ്. ഇക്കുറി ക്രമരീതിയില്‍ മാറ്റം വരുത്തി പുതുമയേകാനാണ് ഒളിംപിക് സംഘാടകരുടെ തീരുമാനം.