റിയോ ഡി ജനീറോ: വനിതകളുടെ 10 കിലോമീറ്റർ നീന്തൽ മത്സരത്തിൽ വെളളിമെഡൽ നേടിയ ഫ്രഞ്ച് താരം ഓർലെ മുള്ളറെ അയോഗ്യയാക്കി. എതിരാളിയെ പിടിച്ചുതള്ളിയതിനാണ് നടപടി. നേരിയ പിഴവിന് മെഡൽ നഷ്ടമായി കണ്ണീരൊഴുക്കിയവർ ഏറെയുണ്ട് ഒളിംപിക് വേദിയിൽ. എന്നാൽ വിജയിയായി പ്രഖ്യാപിക്കപ്പെട്ടശേഷമാണ് ഓർലെയുയെ ആന്റി ക്ലൈമാക്സ്.

കോപാ കബാനയിൽ വനിതകളുടെ 10കിലോമീറ്റർ നീന്തൽ മത്സരം. ഒന്നാം സ്ഥാനത്തെത്തിയത് ഡച്ച് താരം ഷരോൺ. കടുത്ത മത്സരത്തിലൂടെ ഓ‍ർലെ രണ്ടാമതും ഇറ്റാലിയൻതാരം റേച്ചൽ ബ്രൂണി മൂന്നാമതുമെത്തി. എന്നാൽ ഫിനിഷിംഗ് പോയിന്റിൽ ഓർലെ കൃത്രിമം കാണിച്ചെന്ന് വിധികർത്താക്കൾ കണ്ടെത്തി. ഇതോടെ ഫലപ്രഖ്യാപനം വന്നയുടൻ തന്നെ ഓർലെയെ അയോഗ്യയുമാക്കി.

കാറ്റും കോളും നിറഞ്ഞ കടലിലൂടെ നീന്തിയടുത്തിട്ടും കൈപ്പാടകലെ വച്ച് ഒളിംപിക് മെഡൽ നഷ്ടം. തന്നെ വെളളത്തിൽ മുക്കിത്താഴ്ത്താൻ ഓർലെ ശ്രമിച്ചെന്ന് റേച്ചൽ ബ്രൂണി പ്രതികരിച്ചു. ഒടുവിൽ റേച്ചലിന് വെളളിയും വിധിച്ചു. തീർന്നില്ല. ഓർലെ അയോഗ്യയാക്കപ്പെട്ടത് ശരിക്കും തുണയായത് ബ്രസീലിന്. മൂന്നാമതുളള റേച്ചൽ രണ്ടാമതെത്തിയതോടെ, നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്രസീലിയൻ നീന്തൽ താരം പൊല്യാന ഒകിമോറ്റോക്ക് വെങ്കലവും കിട്ടി.അടിമുടി നാടകീയ സംഭവങ്ങൾ.