റിയോ ഡി ജനീറോ: സാഹോദര്യത്തിന്‍റെ മാത്രമല്ല സഹനത്തിന്‍റേയും ഉദാത്തമാതൃകകള്‍ ഓരോ ഒളിംപിക്‌സിലും പിറക്കാറുണ്ട്. ജര്‍മ്മന്‍ ജിംനാസ്റ്റിക്‌സ് താരം ആന്ദ്രേ തോബയാണ് പരുക്കേറ്റിട്ടും റിയോയില്‍ ടീമിനായി പൊരുതിയത്.

പരുക്കേറ്റിട്ടും ടീമിന് വേണ്ടി മത്സരിച്ച് സ്വന്തം കായിക ജീവിതം ത്യജിച്ച കെറി സ്ട്രഗ് ഇന്നും ദീപ്തമായ ഒളിംപിക്‌സ് ഓര്‍മയാണ്. 1996 അറ്റ‍്‍ലാന്‍റ ഒളിംപിക്‌സിലായിരുന്നു 14കാരിയായ കെറിയുടെ ഐതിഹാസിതകത. 20 വര്‍ഷങ്ങള്‍ക്കിപ്പുറം റിയോയിലും കെറിക്കൊരു പിന്‍ഗാമി. സ്വന്തം നേട്ടങ്ങളെക്കാളും ടീമാണ് വലുതെന്ന് വിശ്വസിച്ച ജര്‍മ്മനിയുടെ ആന്ദ്രേസ് തോബ.

ജര്‍മ്മന്‍ ജിംനാസ്റ്റിക്‌സ് ടീമംഗമായ തോബയുടെ കാല്‍മുട്ടിന് പരുക്കേല്‍ക്കുന്നത് ഫ്ലോറിലെ മത്സരത്തിനിടെ.പരുക്ക് ഗുരുതരമാണെന്ന് അറിഞ്ഞപ്പോഴും തോബയുടെ മനസ്സില്‍ സഹതാരങ്ങളുടെ മുഖങ്ങളായിരുന്നു. തോബ പിന്‍മാറിയാല്‍ ടീമിനെ അയോഗ്യരാക്കും.മറ്റുള്ളവരുടെ എതിര്‍പ്പ് വകവയ്‌ക്കാതെ, പരുക്കുമായി തോബ വോള്‍ട്ടില്‍ മത്സരിക്കാനെത്തി.

സ്വിറ്റ്സര്‍ലന്‍ഡിനെ മറികടന്ന് ജര്‍മ്മനി ഫൈനലിലേക്ക്. മത്സരശേഷം തോബയുടെ കണ്ണീര്‍ത്തുള്ളികള്‍ ആനന്ദത്തിന്റെയോ വേദനയുടേയോ എന്നറിയാതെ സഹതാരങ്ങള്‍.കാലിനേറ്റ പരുക്കിനെക്കാള്‍ വലിയ വേദന മനസ്സിനാണെന്ന വാക്കുകളോടെ തോബ കളം വിട്ടു, നിലയ്‌ക്കാത്ത ആരവങ്ങളുടെ അകമ്പടിയോടെ.