റിയോ ഡി ജനീറോ: അതിജീവനത്തിന്റെ കരുത്തുമായി റിയോയിലെത്തിയ അഭയാര്‍ഥി താരങ്ങള്‍ക്ക് ഒളിംപിക്‌സ് വെറും മത്സരവേദി മാത്രമല്ല, ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും നാളുകള്‍കൂടിയാണ്. നേരത്തേ, ഗെയിംസ് വില്ലേജിലെത്തിയ അഭയാര്‍ഥി താരങ്ങള്‍ റിയോയിലെ പ്രധാന സ്ഥലങ്ങള്‍ കാണാനും സമയം കണ്ടെത്തുന്നുണ്ട്.
ഇവര്‍ക്കിത് ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങള്‍.. ജന്‍മനാട്ടിലെ അശാന്തിയുടെ ഓര്‍മകള്‍ വേട്ടയാടുന്ന താരങ്ങള്‍ക്ക് ഹൃദയത്തില്‍ ആശ്വാസം നിറയ്ക്കുകയാണ് റിയോ ഒളിംപിക്‌സ്. ചേര്‍ത്തു പിടിക്കാന്‍ സ്വന്തമായൊരു രാജ്യമോ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ നാട്ടുകാരോ ഇല്ല. പ്രതിസന്ധികളെ അവിശ്വസനീയമായി തരണംചെയ്ത മനക്കരുത്ത് മാത്രം കൈമുതല്‍. ഇതുകൊണ്ടുതന്നെ റിയോയിലെ ഓരോ നിമിഷവും അവിസ്മരണീയമാക്കുകയാണ് ഒളിംപിക് പതാകയ്ക്ക് കീഴില്‍ അണിനിരക്കുന്ന പത്തംഗ അഭയാര്‍ഥി താരങ്ങള്‍. റിയോയുടെ ഓരോ സ്പന്ദനവും ഹൃദയത്തില്‍ ഏറ്റവാങ്ങുന്നു. ഇങ്ങനെയാണ് ഇവരിലെ ഏഴുപേര്‍ കൊര്‍ക്കോവാടോ മലനിരകള്‍ക്കു മുകളിലെ വിശ്വവിഖ്യാത ക്രിസ്തുവിന്റ പ്രതിമയ്ക്കു മുന്നിലെത്തിയത്.
വാക്കുകള്‍ക്കപ്പുറാണ് ഇവരുടെ സന്തോഷം. കൊടുംങ്കാറ്റിനും പേമാരിക്കും ശേഷമുള്ള ആശ്വാസമെന്ന് സുഡാനില്‍ നിന്നുള്ള ഏഞ്ചലീന നഡ. അവിസ്മരണീയമെന്ന് നീന്തല്‍ താരം യുസ്ര മര്‍ഡീനി. വിനോദ സഞ്ചാരികള്‍ക്കൊപ്പം തീവണ്ടിയിലാണ് അഭയാര്‍ഥി സംഘവും കൊര്‍ക്കൊവാഡോ മലനിരയിലെത്തിയത്. സഹയാത്രികര്‍ താരങ്ങളെ തിരിച്ചറിഞ്ഞതോടെ കഥമാറി. റിയോയില്‍ കിട്ടിയ സ്വീകാര്യതയില്‍ താരങ്ങളും ഹാപ്പി.
