റിയോ ഒളിംപിക്‌സില്‍ ബാഡ്‌മിന്റണില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനം കാത്ത താരമാണ് പി വി സിന്ധു. അതുകൊണ്ടുതന്നെ സിന്ധുവിന് രാജ്യം നല്‍കിയ സ്വീകരണം ആവേശോജ്ജ്വലമാണ്. സിന്ധുവിനെ ആദരിക്കാനുള്ള തിരക്കിലാണ് വിവിധ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരുമൊക്കെ. അതിനിടയ്‌ക്കാണ് ഒരു മുഖ്യമന്ത്രി പി വി സിന്ധുവിന്റെ പേര് മറന്നുപോയി പുലിവാല്‍ പിടിച്ചിരിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറാണ് സിന്ധുവിന്റെ പേര് മറന്നുപോയത്. റിയോ ഒളിംപിക്സിലെ വെങ്കലമെഡല്‍ ജേതാവ് സാക്ഷി മാലിക്കിനെ ആദരിക്കാന്‍ ഹരിയാനയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രസംഗിക്കവെയാണ് സിന്ധുവിന്റെ പേര് മനോഹര്‍ലാല്‍ ഖട്ടാര്‍ മറന്നത്. കര്‍ണാടകയില്‍ നിന്നുള്ള ഹൈദരാബാദി പെണ്‍കുട്ടി എന്നായിരുന്നു ഖട്ടാര്‍ സിന്ധുവിനെ വിശേഷിപ്പിച്ചത്. നേരത്തെ വിജയ്‌ ഗോയല്‍ ദിപ കര്‍മാകറിന്റെ പേര് തെറ്റിച്ചു പറഞ്ഞത് വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. അതിനിടെയാണ് ഹരിയാന മുഖ്യമന്ത്രിയും അബദ്ധത്തില്‍ ചാടിയിരിക്കുന്നത്. ഏതായാലും റിയോയില്‍ മെഡല്‍ നേടിയ ഹരിയാനക്കാരിയായ സാക്ഷി മാലിക്കിന് അവിടുത്തെ സര്‍ക്കാര്‍ രണ്ടരക്കോടി രൂപയാണ് പ്രോല്‍സാഹനമായി നല്‍കിയിരിക്കുന്നത്. ഗുസ്‌തിയിലാണ് സാക്ഷി മാലിക് വെങ്കല മെഡല്‍ നേടിയത്.