Asianet News MalayalamAsianet News Malayalam

സാക്ഷി വെങ്കലത്തിളക്കത്തിലെത്തിയ അവസാന അഞ്ച് സെക്കന്‍ഡുകള്‍

How Sakshi Maliks Last Gasp Turnaround Gave India Their First Medal Of Rio Games
Author
Rio de Janeiro, First Published Aug 18, 2016, 4:09 AM IST

റിയോ ഡി ജനീറോ: ഗുസ്തി പിടിച്ച് നേടിയ മെഡല്‍, സാക്ഷി നേടിയ മെഡലിനെ അക്ഷരാര്‍ഥത്തില്‍ ഇങ്ങനെത്തന്നെ വിശേഷിപ്പിക്കണം. കാരണം വെങ്കല മെഡല്‍ നേടാനായുള്ള റെപ്പാഷെ റൗണ്ടിന്റെ ആദ്യ പകുതി തീരുമ്പോള്‍ കിര്‍ഗിസ്ഥാന്‍ താരം ഐസുലൂ ടൈനിബെക്കോവയ്ക്കെതിരെ സാക്ഷി 0-5ന് സാക്ഷി പിന്നിലായിരുന്നു. മെഡല്‍ കൈയകലത്തില്‍ നഷ്ടമായ ദിപ കര്‍മാക്കറിന് പിന്നാലെ മറ്റൊരു വനിതാ താരം കൂടി ഇന്ത്യയുടെ വേദനയാവുമോ എന്ന് കരുതിയ നിമിഷങ്ങളായിരുന്നു അത്. രാജ്യം ഉറക്കത്തിലായിരുന്നു അപ്പോള്‍.

എന്നാല്‍ ചരിത്രം കുറിക്കാനുള്ള അവസരം അങ്ങനെ വിട്ടുകൊടുക്കാന്‍ സാക്ഷി തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടാം പകുതിയില്‍ രണ്ടും കല്‍പിച്ച് പൊരുതി. ആദ്യപകുതിയുടെ അവസാന രണ്ട് സെക്കന്‍ഡില്‍ മത്സരത്തിലേക്ക് തിരിച്ചുവരമെന്നൊരു ആത്മവിശ്വാസം തനിക്കുണ്ടായെന്ന് സാക്ഷി തന്നെ പറയുന്നു. അതുകൊണ്ടുതന്നെ അവസാന 10 സെക്കന്‍ഡില്‍ എന്തുകൊണ്ട് രണ്ടും കല്‍പ്പിച്ച് ഗുസ്തിപിടിച്ചുകൂടാ എന്ന തോന്നല്‍ എന്നില്‍ ശക്തമായി. രണ്ട് മിനിട്ടുള്ള രണ്ടാം പകുതിയുടെ ആദ്യ സെക്കന്‍ഡില്‍ എതിരാളിക്ക് പോയന്റ് നേടാന്‍ അവസരം നല്‍കാതിരുന്ന സാക്ഷി എതിരാളിയെ മാറ്റിലേക്ക് മലര്‍ത്തിയടിച്ച് ഐസുലിവിന്റെ ലീഡ് കുറചട്ചു. രണ്ട് മിനിട്ടിനുള്ളില്‍ ഒരു തവണകൂടി എതിരാളിയെ മലര്‍ത്തിയടിച്ചതോടെ സാക്ഷിയും എതിരാളിയും തമ്മിലുള്ള പോയന്റ് വ്യത്യാസം കേവലം ഒരു പോയന്റിന്റേതായി.

സാക്ഷിയുടെ അപ്രതീക്ഷിത നീക്കത്തില്‍ പകച്ചുപോയ ഐസുലൂ ലീഡ് നിലനിര്‍ത്താനായി പ്രതിരോധത്തിലേക്ക് ചുവടുമാറാന്‍ ശ്രമിക്കുന്നതിനിടെ വിജയം മണത്ത സാക്ഷി അവസാന അഞ്ചു സെക്കന്‍ഡില്‍ എതിരാളിയുടെ കാലില്‍ പിടിച്ച് വീണ്ടും മലര്‍ത്തിയടിച്ച് നിര്‍ണായകമായ രണ്ട് പോയന്റ് കൂടി നേടി. ചരിത്രം വിജയം ഉറപ്പിച്ച സാക്ഷി ആഹ്ലാദത്താല്‍ തുള്ളിച്ചാടി. എന്നാല്‍ കിര്‍ഗിസ്ഥാന്‍ പരിശീലക സംഘം റിവ്യൂ ആവശ്യപ്പെട്ടതോടെ ഇന്ത്യയ്ക്ക് വീണ്ടും ആശങ്കയുടെ നിമിഷങ്ങള്‍.

അവസാന സെക്കന്‍ഡില്‍ ഐസുലു സാക്ഷിയെയും വീഴ്‌ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കിര്‍ഗിസ്ഥാന്‍ റിവ്യൂ ആവശ്യപ്പെട്ടത്. റീപ്ലേകള്‍ കണ്ടശേഷം വിധികര്‍ത്താക്കള്‍ സാക്ഷിക്ക് അനുകൂലമയി വിധിയെഴുതി. റിവ്യൂ പിഴച്ചതിന് ഒരു പോയന്റ് കൂടി സാക്ഷിയുടെ അക്കൗണ്ടിലെത്തി. 8-5ന്റെ ലീഡോടെ സാക്ഷി ഇന്ത്യയുടെ അഭിമാനമായി റിയോയില്‍ ഉയര്‍ന്നുചാടി. ഒളിംപിക്സ് 11 ദിവസം പിന്നിടുമ്പോഴാണ് റിയോയിലെ മെഡല്‍പ്പട്ടികയില്‍ ഇന്ത്യയുടെ പേരും സാക്ഷി എഴുതിച്ചേര്‍ത്തത്.

Follow Us:
Download App:
  • android
  • ios