റിയോ ഡി ജനീറോ: റിയോയില്‍ ഇന്ന് ഇന്ത്യന്‍ പ്രതീക്ഷകള്‍ എങ്ങനെയെന്ന് നോക്കാം. അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസിനും ജിന്‍സണ്‍ ജോണ്‍സണും ഹീറ്റ്‌സ് മത്സരങ്ങളുണ്ട്. ക്വാര്‍ട്ടറില്‍ കടന്ന പുരുഷ ഹോക്കി ടീം ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കാനഡയെ നേരിടും. ടെന്നിസില്‍ സാനിയ - ബൊപ്പണ്ണ സഖ്യത്തിന് ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടമുണ്ട്.

റിയോയില്‍ ട്രാക്ക് ഉണരുമ്പോള്‍ കേരളം കാത്തിരിക്കുന്നത് 400 മീറ്റര്‍ ഹീറ്റ്‌സില്‍ മുഹമ്മദ് അനസിന്റേയും 800 മീറ്റര്‍ ഹീറ്റ്‌സില്‍ ജിന്‍സണ്‍ ജോണ്‍സണിന്റേയും പ്രകടനത്തിനായി. കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദ് അനസ് വൈകിട്ട് 5.35നാണ് ഇറങ്ങുക. ജിന്‍സണ്‍ 6.58നും. 100 മീറ്റര്‍ ഹീറ്റ്‌സില്‍ ദ്യുതി ചന്ദും ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയും ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും ലോംഗ് ജംപില്‍ അങ്കിത് ശര്‍മ്മയും മത്സരിക്കും. രാത്രി 11 മണിക്ക് തുടങ്ങുന്ന 20 കിലോമീറ്റര്‍ നടത്തത്തില്‍ ഗണപതി കൃഷ്ണന്‍, മനീഷ് സിംഗ്,ഗുര്‍മീത് സിംഗ് എന്നിവരുമുണ്ട്.

ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടം. രാത്രി 11.30ന് നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ കരുത്തരായ ബ്രിട്ടന്റെ മറെ - ഹെതര്‍ വാട്‌സന്‍ സഖ്യം.

അമ്പെയ്ത്തിലും ബോക്‌സിംഗിലും ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് അതാനുദാസും വികാസ് കൃഷ്ണനും മത്സരിക്കും. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ നിരാശപ്പെടുത്തിയ ഗഗന്‍ നാരംഗ് ഇന്ന് 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ ഉന്നം പിടിക്കും. ചെയിന്‍ സിംഗും ഒപ്പമുണ്ട്. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ ഗുര്‍പ്രീത് സിംഗും ഷൂട്ടിംഗ് റേഞ്ചിലെത്തും. നെതര്‍ലന്‍ഡ്‌സിനോട് തോറ്റെങ്കിലും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയ ശ്രീജേഷിന്റെ ഹോക്കി ടീം അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് കാനഡയെ നേരിടും.