പ്രകാശ് പദുക്കോണും പുല്ലേലാ ഗോപിചന്ദും വിമല്‍കുമാറുമൊക്കെ രാജ്യാന്തര ബാഡ്മിന്റണില്‍ അഭിമാനനേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും അവയൊക്കെയും ഒറ്റപ്പെട്ട ജയങ്ങളായിരുന്നു. ചൈനയും മലേഷ്യയും ഇന്തൊനീഷ്യയും ഒക്കെ എന്നും ഇന്ത്യന്‍ ബാഡ്മിന്റണിന് മുന്നില്‍ വന്മതിലായി. പതിനെട്ടുകാരിയായ സൈന നെഹ്‌വാള്‍ ഗോപിചന്ദിന്റെ ശിക്ഷണത്തില്‍ ബീജിംഗ് ഒളിംപികിസ് ക്വാര്‍ട്ടറിലെത്തിയതോടെ
കാര്യങ്ങള്‍ മാറി. നാലു വര്‍ഷത്തിനിപ്പുറം ലണ്ടനില്‍ വെങ്കലമെഡല്‍ നേടിയ സൈന ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നപ്പോള്‍ ലോക ബാഡ്‌മിന്റണിലെ ചൈനീസ് അധീശത്വം ചോദ്യം ചെയ്യപ്പെട്ടു. പുരുഷ വനിതാ വിഭാഗങ്ങളിലെ ആദ്യ 50 റാങ്കില്‍ ഇന്ന് ഇന്ത്യയില്‍ നിന്ന ഏഴ്
താരങ്ങളുണ്ട്. സൈനയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് റാക്കറ്റെടുത്ത ഒരു തലമുറയ്ക്ക് മുന്നില്‍ പി വി സിന്ധു പുതിയ ഉയരങ്ങളിലേക്ക് ഇന്ത്യന്‍
ബാഡ്മിന്റണെ എത്തിക്കുക്കുമ്പോള്‍ പ്രതീക്ഷകളും ഏറെ.
പരിക്ക് ഭേദമായി തിരിച്ചുവരുന്ന സൈനയ്ക്ക് ഇനിയും ഏറെ മുന്നേറാനാകും. സൈനയില്‍ നിന്ന് ബാറ്റണ്‍ സ്വീകരിക്കാന്‍ സിന്ധുവും തയ്യാറായിക്കഴിഞ്ഞു. പുരുഷ വിഭാഗത്തില്‍ ആരെയും വിറപ്പിക്കാന്‍ കഴിവുള്ളവരാണ് ശ്രീകാന്തും കശ്യപും പ്രണോയിയുമൊക്കെ. ഇന്ത്യന്‍ ബാഡ്‌മിന്റണില്‍ നല്ല കാലം വരാനിരിക്കുന്നതേയുള്ളേൂവെന്ന് ഉറപ്പിക്കാം..
