റിയോ ഡി ജനീറോ: ഒളിംപിക്സ് ഹോക്കിയില്‍ 36 വര്‍ഷങ്ങള്‍ക്കുശേഷം ക്വാര്‍ട്ടറിലെത്തിയ ഇന്ത്യയെ കാത്തിരിക്കുന്നത് കടുപ്പമേറിയ എതിരാളികള്‍. ക്വാര്‍ട്ടറില്‍ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളികള്‍. ഓസ്ട്രേലിയയും സ്പെയിനും ഉള്‍പ്പെട്ട പൂള്‍ എയില്‍ അഞ്ചില്‍ നാലു കളികളും ജയിച്ച് ഒന്നാമന്‍മാരായാണ് ബെല്‍ജിയത്തിന്റെ വരവ്. ഇന്ത്യയാകട്ടെ രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായാണ് ക്വാര്‍ട്ടറിലെത്തിയത്.
അര്‍ജന്റീനയെയും അയര്‍ലന്‍ഡിനെയും തകര്‍ത്ത ഇന്ത്യക്ക് പക്ഷെ കരുത്തരായ ജര്‍മനിക്കും ഹോളണ്ടിനും മുന്നില്‍ അവസാന നിമിഷങ്ങളില്‍ അടിതെറ്റി. ദുര്‍ബലരായ കാനഡയ്ക്കെതിരെ സമനില വഴങ്ങുകയും ചെയ്തു. പ്രമുഖ ടൂര്‍ണമെന്റുകളില്‍ ക്വാര്‍ട്ടറില്‍ പുറത്തായിട്ടില്ലെന്ന കണക്കുകള്‍ ബെല്‍ജിയത്തെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യക്ക് പിന്‍ബലമായുണ്ട്.എന്നാല്‍ കാനഡയ്ക്കതിരെ എസ് വി സുനില്‍ പരിക്കേറ്റ് പുറത്തുപോയത് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.
ക്വാര്‍ട്ടറിലെത്തിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ കളി പോരാ ഇന്ത്യക്ക് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ മറികടക്കാന്‍. നിര്‍ണായക മത്സരങ്ങളില്‍ ഗോള്‍ നേടാന്‍ മുന്നേറ്റ നിരയ്ക്കാവുന്നില്ലെന്നതും കളിയില്‍ നിര്‍ണായകമായ ഫീല്‍ഡ് ഗോളുകള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ പോലും രമണ്‍ദീപും ആകാശ്ദീപും കളഞ്ഞുകുളിക്കുന്നുവെന്നതും ഇന്ത്യക്ക് തലവേദനയാണ്. അതുപോലെ അവസാന നിമിഷം ഗോള്‍ വഴങ്ങി കളി കൈവിടുന്ന പതിവ് ഇന്ത്യ റിയോയിലും ജര്‍മനിക്കെതിരെയും ഹോളണ്ടിനെതിരെയും ആവര്‍ത്തിക്കുകയും ചെയ്തു. അര്‍ജന്റീനയ്ക്കെതിരെ ഭാഗ്യവും ശ്രീജേഷിന്റെ മന:സാന്നിധ്യവും കൊണ്ടു മാത്രമാണ് അവസാന ക്വാര്‍ട്ടറില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നത്. എന്നാല്‍ ബാറിന് കീഴെ ശ്രീജേഷ് നിറംമങ്ങുന്നൊരു ദിവസത്തെക്കുറിച്ച് ഇന്ത്യ ശരിക്കും പേടിച്ചേ മതിയാകൂ.
ഹോളണ്ടിനെതിരെ അവസാന ക്വാര്‍ട്ടറില്‍ അഞ്ചു പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചിട്ടും ഇന്ത്യക്ക് ഒന്നുപോലും മുതലാക്കാനായില്ല. കളിയില്‍ ഇന്ത്യ 2-1നാണ് തോറ്റതെന്നോര്‍ക്കണം. ബെല്‍ജിയത്തിനെതിരെ സമീപകാലത്ത് ഇന്ത്യക്ക് മികച്ച റെക്കോര്‍ഡല്ല ഉള്ളത്. ലോക ഹോക്കി ലീഗിലും ചാമ്പ്യന്‍സ് ട്രോഫിയിലും ബെല്‍ജിയവുമായി ഏറ്റുമുട്ടിയപ്പോള്‍ തോല്‍വിയായിരുന്നു ഫലം. രണ്ടവസരങ്ങളിലും ഓരോ ഗോളിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. തുടക്കത്തിലെ ഗോള്‍ വഴങ്ങിയാല്‍ തിരിച്ചടിക്കുക എളുപ്പമാകില്ലെന്ന് ചുരുക്കം. രണ്ടു മൂന്നും ക്വാര്‍ട്ടറില്‍ കൂടുതല്‍ ഗോളുകള്‍ നേടിയാല്‍ മാത്രമെ അവസാന ക്വാര്‍ട്ടറിലെ എതിരാളികളുടെ കണ്ണുംപൂട്ടിയുള്ള ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യന്‍ പ്രതിരോധത്തിനാവൂ. എന്തായാലും 1980നുശേഷം ഹോക്കിയില്‍ ഒരു മെഡല്‍ എന്ന സ്വപ്നത്തിലേക്ക് സ്റ്റിക്കുമേന്തി ശ്രീജേഷും സംഘവും ഇറങ്ങുമ്പോള്‍ അവര്‍ക്കൊപ്പം നൂറു കോടി പ്രാര്‍ഥനകള്‍ കൂടിയുണ്ടാവുമെന്നുറപ്പ്.
