ദില്ലി: റിയോ ഒളിംപ്കിസിനുള്ള ഇന്ത്യയുടെ പുരുഷ-വനിത ടീമുകളെ പ്രഖ്യാപിച്ചു. മലയാളിയും ടീമിലെ ഗോളിയുമായ പി ആർ ശ്രീജേഷാണ് പുരുഷ ടീമിന്‍റെ നായകന്‍. ദില്ലിയിൽ നടക്കുന്ന പ്രഖ്യാപനച്ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ടീമിനെ പ്രഖ്യാപിച്ചത്. നിലവിലുള്ള ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിനെ മറികടന്നാണ് ശ്രീജേഷിന്‍റെ ക്യാപ്റ്റന്‍ നേട്ടം.

ചാമ്പ്യന്‍സ് ട്രോഫിയിലെ തിളക്കേമേറിയ വെള്ളി വിജയമാണ് പുരുഷ ഹോക്കി ടീമിന്‍റെ റിയൊ സംഘത്തിനെ നയിക്കാന്‍ ശ്രീജേഷിനെ തിരഞ്ഞെടുക്കാന്‍ പ്രധാന കാരണം. ചാമ്പ്യന്‍സ് ട്രോഫിയിലും സ്പെയിനിലെ ആറ് രാഷ്ട്രങ്ങൾ പങ്കെടുത്ത ടൂർണമെന്‍റിലും മിന്നും പ്രകടനം പുറത്തെടുത്ത ടീമിൽ പ്രമുഖർക്ക് സ്ഥാനനഷ്ടമുയിട്ടില്ല. സർദാർസിംഗിൽ ക്യാപ്റ്റൻ സ്ഥാനം സുരക്ഷിതമാണെന്ന് ആദ്യം കരുതിയെങ്കിലും ടീമിനെ നയിക്കാനുള്ള ഭാഗ്യം ശ്രീജേഷിന് ലഭിക്കുകയായിരുന്നു. ഇത് ആദ്യമായാണ് ഒരു ഒളിംപിക്സ് ടീമിനെ മലയാളി നയിക്കുന്നത്.

പുരുഷ ടീമിനേക്കാൾ ആകാംക്ഷ നിറഞ്ഞ വനിത ടീം പ്രഖ്യാപനത്തിൽ മോശം പെരുമാറ്റത്താൽ ഇന്ത്യൻ ക്യാമ്പില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന മുൻ ക്യാപ്റ്റൻ റിതു റാണിയെ ഒഴിവാക്കി. 36 വർഷത്തിന് ശേഷമാണ് വനിത ടീം ഒളിംപിക് യോഗ്യത നേടിയത്.