റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സ് ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷം മൂന്നു ഗോള്‍ വഴങ്ങി ഇന്ത്യ തോല്‍വി വരിച്ചു. ബെല്‍ജിയത്തിനെതിരെ 1-3 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം ക്വാര്‍ട്ടറിലും ഇന്ത്യ 1-0ന് ലീഡ് തുടര്‍ന്നു. മൂന്നാം ക്വാര്‍ട്ടറില്‍ രണ്ടു ഗോള്‍ നേടിയ ബെല്‍ജിയും അവസാന ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ കൂടി നേടുകയായിരുന്നു. എന്നാല്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട ബെല്‍ജിയും മൂന്നു ഗോളുകള്‍ തിരിച്ചടിച്ചു സെമി ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യയ്‌ക്കു വേണ്ടി ആകാശ് ദീപ് സിംഗ് ഗോള്‍ നേടിയപ്പോള്‍, ബെല്‍ജിയത്തിനുവേണ്ടി സെബാസ്റ്റ്യന്‍ ഡോക്കിയര്‍ രണ്ടും ടോം ബൂണ്‍ ഒരു ഗോളും നേടി.

ശ്രീജേഷിന് വേണ്ടി മലയാളികള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ദിവസം, പക്ഷെ തൊട്ടതെല്ലാം അദ്ദേഹത്തിന് പിഴയ്‌ക്കുകയായിരുന്നു. ബെല്‍ജിയത്തിന്റെ എണ്ണംപറഞ്ഞ പെനാല്‍റ്റി കോര്‍ണറുകള്‍ തട്ടിയകറ്റിയെങ്കിലും, മൂന്നു തവണ ശ്രീജേഷ് ഗോള്‍വലയ്‌ക്കു മുന്നില്‍ നിസഹായനായപ്പോള്‍, ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങി. മൂന്നു ഗോള്‍ വഴങ്ങിയതോടെ ശ്രീജേഷിനെ കോച്ച് പിന്‍വലിയ്‌ക്കുകയും ചെയ്‌തിരുന്നു. പന്തടക്കം ഇല്ലായ്‌മയും ലക്ഷ്യബോധമില്ലാത്ത പാസുകളും ഇന്ത്യയെ പിന്നോട്ടടിച്ചു. മറുവശത്ത് ബെല്‍ജിയത്തിന്റെ സംഘടിതമായ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ചിതറിപ്പോകുന്ന ഇന്ത്യന്‍ പ്രതിരോധനിരയെയാണ് കാണാനായത്.

സ്‌പെയിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍ കടന്നു.