ദില്ലി: ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള മൂന്നംഗ ഇന്ത്യന്‍ നീന്തല്‍ സംഘം റിയോയിലേക്ക് തിരിച്ചു. പരിശീലകന്‍ പ്രദീപ്, മലയാളി താരം സജന്‍പ്രകാശ്, ശിവാനി കതാരിയ എന്നിവരാണ് ടീമിലെ അംഗങ്ങള്‍. മത്സരത്തില്‍ സെമിയിലെങ്കിലും എത്തുകയാണ് ലക്ഷ്യമെന്ന് സജന്‍ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പുലര്‍ച്ചെ നാല് മണിക്കുള്ള വിമാനത്തിലാണ് മൂന്നംഗ ഇന്ത്യന്‍ നീന്തല്‍ സംഘം റിയോയിലേക്ക് തിരിച്ചത്. പ്രമുഖ താരങ്ങള്‍ മാറ്റുരക്കുന്ന ഒളിംപിക്‌സിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് മെഡലുകള്‍ മുങ്ങിയെടുക്കുകയെന്നത് എളുപ്പമാവില്ലെന്ന ധാരണയുണ്ടെങ്കിലും മികച്ച സമയം കണ്ടെത്തി സെമിയിലെങ്കിലും എത്തുകയാണ് ലക്ഷ്യമെന്ന് മലയാളി താരം സജന്‍ പ്രകാശ് പറഞ്ഞു. പ്രമുഖ താരങ്ങളോടൊപ്പം മത്സരിക്കാന പോകുന്നതിന്റെ ആവേശത്തിലാണ് താനെന്നും 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മികച്ച സമയം കണ്ടെത്തുകയാണ് ലക്ഷ്യമെും ശിവാനി കാതാരിയ പറഞ്ഞു. സെമി ബെര്‍ത്ത് ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 1.57 സെക്കന്റില്‍ സജന് ഫിനിഷ്‌ചെയ്യേണ്ടിവരുമെന്നും സജനും ശിവാനിയും അവരുടെ പരമാവധി ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പരിശീലകന്‍ പ്രദീപ് വ്യക്തമാക്കി.
