റിയോയില്‍ മെഡല്‍ നേടാനാവാതെ ഇന്ത്യന്‍ താരങ്ങള്‍ വീ‍ര്‍പ്പുമുട്ടുന്നതിന് പിന്നാലെ വിവാദങ്ങളുടെ നാണക്കേടും ആവര്‍ത്തിക്കുന്നു. ഒളിമ്പിക് വില്ലേജിലെ വനിതാ ഡോക്ടറോട് മോശമായി പെരുമാറിയ ഇന്ത്യന്‍ അത്‍ലറ്റിക്‌സ് കോച്ച് നിക്കോളയ് സ്നെസരേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലയാളിതാരം ഒ.പി ജെയ്ഷ, ലളിത ബാബര്‍, സുധ സിങ് എന്നിവരുടെ പരിശീലകനാണ് ബെലാറസുകാരനായ നിക്കോളയ്. മാരത്തണ്‍ മത്സരത്തിന് ശേഷം ക്ഷീണിതയായ ജെയ്ഷയെ ഒളിംപിക് വില്ലേജിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ജെയ്ഷയ്‌ക്കൊപ്പം ആശുപത്രിക്ക് അകത്തേക്ക് കോച്ചിനെ പ്രവേശിപ്പിക്കില്ലെന്ന് വനിതാ ഡോക്ടര് പറഞ്ഞു‍. പകരം സഹപരിശീലകനും മലയാളിയുമായ രാധാകൃഷ്ണന്‍ നായരെ ജെയ്ഷയ്‌ക്കൊപ്പം നില്‍ക്കാന്‍ അനുമതി നല്‍കി. ഇതില്‍ ക്ഷുഭിതനായ നിക്കോളയ് ഡോക്ടറെ പിടിച്ചുതള്ളുകയും മോശമായി സംസാരിക്കുകയുമായിരുന്നു. 

ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കോച്ചിനെ അറസ്റ്റ് ചെയ്തു. 10 മണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവെച്ച കോച്ചിനെ ബ്രസീലിലെ ഇന്ത്യന്‍ എംബസി ഇടപെട്ടാണ് മോചിപ്പിച്ചത്. അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി പ്രശ്നത്തില്‍ ഇടപെട്ടത്. കോച്ചിനെതിരെ തുട‍ര്‍നടപടികള്‍ ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി സി.കെ വല്‍സന്‍ പറഞ്ഞു. നേരത്തേ, ഒളിംപിക്‌സ് വേദികളില്‍ അനുമതിയില്ലാത്ത സ്ഥലങ്ങളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും വോളണ്ടിയര്‍മാരോട് മോശമായി പെരുമാറുകയും ചെയ്ത കായിക മന്ത്രി വിജയ് ഗോയലിന്റെയും സംഘത്തിന്റെയും അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് സംഘാടക സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു.