ജയിച്ചാല്‍ മെഡലുറപ്പായിരുന്നു വികാസ് കൃഷ്ണന്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സംഘംമുഴുവന്‍ ആകാംക്ഷയോടെയാണ് ഗാലറിയില് കാത്തിരുന്നത്‍. പക്ഷേ, ഉസ്ബക്കിസ്ഥാന്‍ താരം ബക്തമിര്‍ മെലികുഷീവിന്റെ കിടിലന്‍ പഞ്ചുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൊലിഞ്ഞു. മൂന്ന് റൗണ്ടിലും ഉസ്ബക്ക് താരത്തിന്റെ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ന്നപ്പോള്‍ ഇടിക്കൂട്ടിലും ഇന്ത്യക്ക് തിരിച്ചടി മാത്രം. ബാഡ്മിന്‍റണിലെ അട്ടിമറി ജയങ്ങളാണ് ആശ്വസിക്കാനുള്ളത്. ലോക എട്ടാം നമ്പര്‍താരം തായ്പേയിയുടെ തായ് സു യിംഗിനെ വീഴ്‍ത്തി പി.വി സിന്ധു ക്വാര്‍ട്ടറില് കടന്നു. ജയം 21:13, 21:15 എന്നിങ്ങനെയായിരുന്നു സ്കോര്‍.
ചൈനയുടെ ലോക രണ്ടാം നമ്പര്‍താരം വാങ് യിഹാനാണ് ക്വാര്‍ട്ടറില്‍ പത്താം റാങ്കുകാരിയായ സിന്ധുവിനെ കാത്തിരിക്കുന്നത്. നാളെ പുലര്‍ച്ചെ 3.25നാണ് മത്സരം. ഡെന്‍മാര്‍ക്കിന്റെ ലോക അഞ്ചാം നമ്പര്‍താരം യോര്‍ഗന്‍സനെ അട്ടിമറിച്ചാണ് ശ്രീകാന്തിന്റെ മുന്നേറ്റം. സ്കോര്‍ 21:19, 21:19 എന്നിങ്ങനെയായിരുന്നു സ്കോര്‍. ശ്രീകാന്തിന്റെ ക്വാര്‍ട്ടറിലെ എതിരാളി രണ്ട് തവണ ഒളിംപിക് ചാമ്പ്യനായ ചൈനയുടെ ലിന്‍ ഡാനാണ്. നാളെ വൈകുന്നേരം ആറുമണിക്കാണ് പോരാട്ടം.
