ബംഗലൂരു: റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം കെ.ടി. ഇര്‍ഫാന് ഇടം കണ്ടെത്താനായില്ല. 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി ഇ‍ര്‍ഫാന്‍ ഉള്‍പ്പെടെ ആറ് പേരാണ് ഒളിമ്പിക്‌സ് യോഗ്യത നേടിയത്.

ഇതില്‍ മികച്ച സമയം കണ്ടെത്തിയ മനീഷ് സിംഗ് റാവത്ത്, ഗു‍ര്‍മീത് സിംഗ്, ഗണപതി എന്നിവരെയാണ് അത്‍ലറ്റിക് ഫെഡറേഷന്‍ റിയോ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാല്‍മുട്ടിലെ പരിക്കുമൂലം കഴിഞ്ഞ ഒന്നര വര്‍ഷമായി ഇര്‍ഫാന്‍ മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു

മലപ്പുറം ജില്ലയിലെ കീഴുപറമ്പ് സ്വദേശിയായ ഇർഫാൻ 2012 ലണ്ടൻ ഒളിമ്പിക്സിൽ 20 കിലോമീറ്റർ നടത്തമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പുതിയ ദേശീയ റെക്കോർഡ് കുറിച്ചിരുന്നു. 4* 400 മീറ്റ‍ര്‍ റിലേയില്‍ മലയാളി താരം അനു ആര്‍, പ്രിയങ്ക പന്‍വാര്‍ എന്നിവരില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ഫെഡറേഷന്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.