ഒളിംപിക്‌സിനായി റിയോ ഡി ജനീറോയില്‍ എത്തിയ കേരള താരങ്ങള്‍ ശരിക്കുമൊന്ന് ഞെട്ടി. തങ്ങള്‍ എത്തിയത് റിയോയിലോ അതോ കേരളത്തിലോ എന്നതായിരുന്നു അവരുടെ സംശയം. മലയാളി ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സ് വില്ലേജിലെത്തിയത് ആടിയും പാടിയും. ഒളിംപിക്‌സ് വില്ലേജില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ ശ്രീജേഷ് ഞെട്ടി. കണ്‍മുന്നില്‍ വന്നത് നമ്മുടെ കപ്പയും കാന്താരി ചമ്മന്തിയും ബീഫുമൊക്കെ. ഇത് കേരളമോ അതോ ബ്രസീലോ എന്നതായിരുന്നു ശ്രീജേഷിന്റെ ആദ്യ പ്രതികരണം. മലയാളി വനിതാ താരം അനില്‍ഡാ തോമസ് ഉള്‍പ്പടെയുള്ളവരും ഭക്ഷണ കാര്യത്തില്‍ ഹാപ്പിയാണ്. ഗെയിംസ് വില്ലേജിലെ മുറികളിലെ വലുപ്പക്കുറവ് ഉള്‍പ്പടെ ചെറിയ അസൗകര്യങ്ങള്‍ ഉണ്ടെന്ന് മലയാളി താരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗെയിംസ് വില്ലേജാണ് ഇത്തവണ റിയോയില്‍ ഒരുക്കിയിരിക്കുന്നത്. അവിടെ എത്തിയ ഉടന്‍തന്നെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ ഗെയിംസ് വില്ലേജ് മുഴുവന്‍ ചുറ്റിക്കറങ്ങി. അതിനുശേഷമാണ് മുറികളിലേക്ക് പോയത്. പിന്നീട് ഗെയിംസ് വില്ലേജില്‍ താരങ്ങള്‍ പരിശീലനവും തുടങ്ങി. പരിശീലനത്തിന് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും താരങ്ങള്‍ പറഞ്ഞു. മലയാളി പരിശീലകന്‍ മുഹമ്മദ് കുഞ്ഞിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം.