റിയോ ഡി ജനീറോ: റിയോയിലെ ഒളിംപിക് വില്ലേജിനെക്കുറിച്ച് പരാതി തീരാതെ ഓസ്‌ട്രേലിയന്‍ ടീമംഗങ്ങള്‍. വില്ലേജിനകത്ത് തീപ്പിടുത്തത്തിന് പിന്നാലെ മോഷണവും നടന്നെന്നാണ് ഓസ്‌ട്രേലിയന്‍ ടീമംഗങ്ങളുടെ പുതിയ പരാതി.

റിയോയിലെ ഒളിംപിക് വില്ലേജിലെ അസൗകര്യങ്ങളുടെ പട്ടിക ആദ്യം നിരത്തിയത് ഓസ്‌ട്രേലിയന്‍ ടീമംഗങ്ങളായിരുന്നു. വില്ലേജിലുളളത് മലിനജലമാണെന്നും സുരക്ഷാ പാളിച്ചകളേറെയുണ്ടെന്നുമാരോപിച്ച് ടീം അംഗങ്ങള്‍ വില്ലേജ് വിട്ടറങ്ങി ഹോട്ടലില്‍ താമസം തുടങ്ങി. എന്നാല്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ മുന്നോട്ടുവച്ചോടെ ടീം ഓസ്‌ട്രേലിയ വഴങ്ങി. തിരിച്ചെത്തിയ ഓസ്‌ട്രേലിയക്ക് അധികൃതര്‍ സ്വീകരണവുമൊരുക്കിയിരുന്നു. എന്നാല്‍ തിരിച്ചെത്തിയിട്ടും ഓസ്‌ട്രേലിയുടെ പരിഭവം തീരുന്നില്ല. ടീമംഗങ്ങളുടെ ലാപ്‌ടോപും വസ്ത്രങ്ങളും മോഷണംപോയെന്നാണ് പരാതി. വില്ലേജിനകത്ത് അഗ്‌നിബാധയുണ്ടായ സമയത്താണ് മോഷണം നടന്നത്. തീയണക്കാനുളള ശ്രമം പുരോഗമിക്കുന്നതിനിടെ ചിലര്‍ ലാപ്‌ടോപും വസ്ത്രങ്ങളുമായി കടന്നുപോകുന്നത് കണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ ടീമംഗങ്ങളോട് പറഞ്ഞത്. സിക പ്രതിരോധിക്കാനുളള പ്രത്യേക ജാക്കറ്റുകളാണ് മോഷണം പോയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഒളിംപിക് വില്ലേജില്‍ കഴിയാനാവില്ലെന്ന് ഓസ്‌ട്രേലിയന്‍ ടീം മാനേജര്‍ അറിയിച്ചു. ന്യുസീലന്‍ഡ്, ബ്രിട്ടീഷ് താരങ്ങള്‍ക്കും സമാന പരാതിയുണ്ടെന്നും ടീം മാനേജര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.