റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ അമേരിക്കന്‍ നീന്തല്‍ ഇതിഹാസ താരം മൈക്കല്‍ ഫെല്‍പ്‌സിന് നാലാം സ്വര്‍ണം. ഇതോടെ ഒളിംപിക്‌സ് ചരിത്രത്തില്‍ ഫെല്‍പ്‌സിന്റെ സ്വര്‍ണ സമ്പാദ്യം 22 ആയി ഉയര്‍ന്നു. 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേ ഇനത്തിലാണ് മൈക്കല്‍ ഫെല്‍പ്‌സ് ഇന്ന് സ്വര്‍ണം നേടിയത്. നേരത്തെ നാല് ഗൂണം നൂറ് മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ, നാല് ഗുണം 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ എന്നീ ഇനങ്ങളിലും മൈക്കല്‍ ഫെല്‍പ്‌സ് റിയോയില്‍ സ്വര്‍ണം നേടിയിരുന്നു. ഇനി 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഉള്‍പ്പടെയുള്ള രണ്ട് ഇനങ്ങളില്‍ കൂടി മൈക്കല്‍ ഫെല്‍പ്‌സ് മല്‍സരിക്കുന്നുണ്ട്.
രണ്ടായിരത്തിലെ സിഡ്നി ഒളിംപിക്സില്‍ ആദ്യമായി മല്‍സരിക്കാനെത്തിയ മൈക്കല്‍ ഫെല്‍പ്‌സ് എന്ന പതിനഞ്ചുകാരന് അന്ന് മെഡല്‍ ഒന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ 2004 ഏഥന്‍സ് ഒളിംപിക്‌സില്‍ ആറു സ്വര്‍ണം നേടി ചരിത്രമെഴുതിയാണ് ഫെല്‍പ്‌സ് തിരിച്ചുപോയത്. 2008ല്‍ ബീജിങ് ഒളിംപിക്‌സിലാണ് ഫെല്‍പ്‌സ് എന്ന വിസ്‌മയത്തെ ലോകം ശരിക്കുമറിഞ്ഞത്. അന്ന് എട്ടു സ്വര്‍ണ മെഡലുകളാണ് ഫെല്‍പ്‌സ് നീന്തല്‍ക്കുളത്തില്‍നിന്ന് വാരിയെടുത്തത്. 2012ല്‍ ലണ്ടനിലും ആ പ്രതിഭാസം തുടര്‍ന്നു. നാലു സ്വര്‍ണവുമായി ഫെല്‍പ്‌സ് ഇതിഹാസ സ്‌പര്‍ശമറിയിച്ചാണ് ലണ്ടനില്‍നിന്ന് മടങ്ങിയത്. അതിനുശേഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയെങ്കിലും അതു മാറ്റിവെച്ചാണ് മുപ്പത്തിയൊന്നുകാരനായ ഫെല്‍പ്‌സ് റിയോയില്‍ മല്‍സരിക്കുന്നത്. ഇതുവരെ നാലു സ്വര്‍ണം നേടിക്കഴിഞ്ഞ ഫെല്‍പ്‌സ് ഇനിയുള്ള രണ്ടിനങ്ങളിലും സ്വര്‍ണം മാത്രമാണ് ലക്ഷ്യമിടുന്നത്.
