
റിയോയിൽ പ്രതീക്ഷിച്ച പല മെഡലുകൾ ഇന്ത്യക്ക് നഷ്ടമാകുകയാണ്, എന്താണ് താങ്കളുടെ അവലോകനം?
കഴിഞ്ഞ ഒളിംപിക്സിൽ ഈ സമയം എത്ര മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത്.എന്നാൽ ഇത്തവണ പ്രതീക്ഷകൾ തകരുകയാണ്.ഇന്ത്യയുടെ ദയനീയ പ്രകടനത്തിൽ ഞാൻ കേന്ദ്ര സർക്കാരിനെയോ, കായിക താരങ്ങളെയോ കുറ്റപ്പെടുത്തില്ല. ഉത്തരവാദിത്വം ഇന്ത്യൻ ഒളിംപിക് അസോസിയേഷനാണ്(ഐഒഎ). ഇന്ത്യൻ ഒളിംപിക് അസോസിയേഷനും കീഴിലുള്ള മറ്റ് കായിക അസോസിയേഷനുകളും ഒളിംപിക്സിന് വേണ്ടി കായിക താരങ്ങളെ രംഗത്തിറക്കിയത് ഒരു ഗൃഹപാഠവും നടത്താതെയാണ്.പല കായിക താരങ്ങളും നന്നായി പെർഫോം ചെയ്യുന്നത് അവരുടെ മിടുക്ക് കൊണ്ടാണ് ഇതിൽ ഐഒഎക്ക് പങ്കില്ല. പ്രധാന കായിക മാമാങ്കങ്ങളിൽ ഇന്ത്യ മോശം പ്രകടനം കാഴ്ച്ചവെക്കുമ്പോഴാണ് മിൽഖാ സിങ്ങിന്റെ അടുക്കലേക്ക് എല്ലാവരും വരുന്നത്.എന്നാൽ അനുവഭ പരിജ്ഞാനമുള്ള ഞങ്ങളുടെ ഉപദേശവും നിർദ്ദേശങ്ങളും പരിഗണിക്കാൻ ആരും തയ്യാറാകുന്നില്ല. കായിക താരങ്ങളെ കണ്ടെത്തുന്നതിനും പരിശീലനം നൽകുന്നതിനും വ്യക്തമായ കാഴ്ച്ചപ്പാട് ആവശ്യമാണ്.ഈ കാഴ്ച്ചപാടാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷന് ഇല്ലാത്തത്.
ഒളിംപിക് അസോസിയേഷൻ വിശദമായ യോഗം വിളിക്കണം ഇതിൽ സർക്കാറിന്റെ പ്രതിനിധികളും,അതാത് കായിക അസോസിയേഷൻ പ്രതിനിധികളും,മുൻ കായിക താരങ്ങളെയും പങ്കെടുപ്പിക്കണം.ഒളിംപിക്സിന് ഒരു കായിക താരത്തെ രംഗത്തിറക്കേണ്ടത് നീണ്ട നാളത്തെ പരിശീലനത്തിന്‍റെ അടിസ്ഥാനത്തിലാകണം ഇതിനായി സ്കൂൾ തലം മുതൽ കായിക താരങ്ങളെ കണ്ടെത്തണം.എട്ട് വർഷത്തെയും,പന്ത്രണ്ട് വർഷത്തെയും ഒരു പരിശീലന പദ്ധതി തയ്യാറാക്കണം കായിക താരങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകണം.
ഷൂട്ടിംഗിലും അമ്പെയ്ത്തിലും എല്ലാം പരാജയമാണ്. താങ്കൾ നിരാശനാണൊ? അതൊ പ്രതീക്ഷക്ക് വകയുണ്ടോ?
ഞാൻ മാത്രമല്ല രാജ്യം മുഴുവനും നിരാശയിലാണ്.ഞാൻ എന്‍റെ മകനൊപ്പം പത്ത് വർഷങ്ങൾക്ക് മുൻപ് ചൈന സന്ദർശിച്ചു.അന്ന് ചൈന ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്ന സമയമാണ്.ഇത്തവണ ഒളിംപിക്സിൽ ഒന്നാമത് എത്തുമെന്ന് പല ചൈനീസ് മുൻ കായിക താരങ്ങളും എന്നോട് പറഞ്ഞു. ഞാൻ ഒരു അവകാശവാദമായി മാത്രമെ കണ്ടുള്ളു.എന്നാൽ ബീജിങ്ങ് ഒളിംപിക്സിൽ അവർ അത് യാഥാർത്ഥ്യമാക്കി.ഇന്ത്യ എന്നാൽ അങ്ങനെയല്ല വർത്തമാനം മാത്രമെ ഉള്ളു പ്രവൃത്തിയിൽ ഒന്നുമില്ല.രാജ്യം കായിക മേഖലക്കായി പണവും,സൗകര്യങ്ങളും,സ്റ്റേഡിയങ്ങളും എല്ലാം നൽകുന്നു.എന്നിട്ടും ഫലം ഉണ്ടാകുന്നില്ല.
ട്രാക്ക് ആൻഡ് ഫീൽഡിൽ താങ്കൾക്ക് പ്രതീക്ഷയുണ്ടോ,അത്‌ലറ്റിക്സിൽ ഇന്ത്യ മെഡൽ നേടുമോ?
മെഡൽ സാദ്ധ്യത ഇല്ല എന്നാണ് എന്റെ നിരീക്ഷണം.മെഡൽ നേടാൻ ശേഷിയുള്ള ഒരു അത്‌ലറ്റ് ഇന്ത്യയെ പ്രതിനിധീകരിച്ച് റിയോയിൽ ഇല്ല.ആരെങ്കിലും ഫൈനലിൽ എത്തിയാൽ തന്നെ വലിയ കാര്യം.മെഡൽ നേടാനായാൽ അത്ഭുതം.എന്തായാലും എന്റെ ആശംസകൾ നേരുന്നു. ഒരു കാര്യത്തിൽ ഞാൻ നിരാശനാണ്. ഇന്ത്യൻ അത്‌ലറ്റുകൾ ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നത്.വളർന്ന് വരുന്ന പല അത്ലറ്റുകളും മരുന്നടിച്ച് ഭാവി കളയുന്നു. രാജ്യത്തിനും മാതാപിതാക്കൾക്കും നാണകേടുണ്ടാക്കുന്നു.എന്ത് കൊണ്ട് അരനൂറ്റാണ്ടിനിടയിൽ അത്‌ലറ്റിക്സിൽ മറ്റൊരു മിൽഖാ സിങ്ങ് ഉണ്ടായില്ല എന്ന് രാജ്യം പരിശോധിക്കണം.
താരങ്ങൾ റിയോയിൽ സെൽഫി എടുത്ത് സമയം പാഴാക്കുന്നു.നമ്മുടെ കായിക മന്ത്രിയും അവിടെ എത്തി നാണംകെട്ടതായി റിപ്പോർട്ടുണ്ട്?
താരങ്ങൾ സെൽഫി എടുക്കട്ടെ അതിൽ എന്താണ് പ്രശ്നം.എന്നാൽ രാജ്യത്തിനായി മെഡൽ നേടാനും ഈ ആത്മവിശ്വാസം കാണിക്കണം. കായിക മന്ത്രി വിജയ് ഗോയലുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിൽ ഞാൻ ഗോയലിനെ കുറ്റപ്പെടുത്തില്ല.എന്തു കൊണ്ട് ഗോയലിന് അങ്ങനെ ചില അനുഭവങ്ങൾ റിയോയിൽ ഉണ്ടായി.രാജ്യവും നാണംകെട്ടില്ലെ. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എന്തെടുക്കുകയായിരുന്നു? അവരാണ് ഇതിന് ഉത്തരവാദി.ഐഒഎയോടാണ് ഈ ചോദ്യങ്ങൾ ചോദിക്കേണ്ടത്.
ഹോക്കിയിലും ജിംനാസ്റ്റിക്സിലും ഇന്ത്യ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടല്ലോ?
ഹോക്കിയുടെ ഭംഗി ലോകത്തിന് കാട്ടി കൊടുത്തത് ഇന്ത്യയാണ്.ഇന്നത്തെ പല കരുത്തരെയും ഹോക്കി പഠിപ്പിച്ചത് ഇന്ത്യയാണ്.വളരെ കാലങ്ങൾക്ക് ശേഷം ഹോക്കിയിൽ ഇന്ത്യ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്നു.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നന്നായി വരുന്നുണ്ട്.എന്‍റെ എല്ലാ ആശംസകളും നേരുന്നു.ശാരീരിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് അധികം സംസാരിക്കാൻ കഴിയില്ല ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം.മറ്റൊരു അവസരത്തിൽ വീണ്ടും സംസാരിക്കാം,നന്ദി. നിരാശയോടെ ഇന്ത്യയുടെ പറക്കും സിംഗ് വാക്കുകള്‍ പറഞ്ഞ് അവസാനിപ്പിച്ചു.
