റിയോ: ഒളിംപിക് വില്ലേജില്‍ ശുചീകരണ തൊഴിലാളിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബോക്‌സര്‍ അറസ്റ്റില്‍. നമീബിയന്‍ ബോക്‌സര്‍ ജോനാസ് ജൂനീസ്ആണ് ബ്രസീലിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് 22 വയസാണ്. 

ജോലിക്കിടെ ജോനാസ് തന്നെ കടന്നുപിടിച്ചെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പണം വാഗ്ദാനം ചെയ്തുവെന്നും യുവതി പരാതിപ്പെട്ടിരുന്നു. സമാനമായ കേസില്‍ മൊറോക്കോ ബോക്‌സര്‍ ഹസ്സന്‍ സാദയെ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഹസ്സന് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. 

ഒളിംപിക് ഉദ്ഘാടന ചടങ്ങില്‍ നമീബിയയുടെ പതാക വഹിച്ചത് ജോനാസ് ആയിരുന്നു. ഈ മാസം 11നായിരുന്നു ജോനാസും ഫ്രഞ്ച് താരം ഹസ്സന്‍ അന്‍സില്ലെയുമായി പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ജോനാസ് പോലീസ് കസ്റ്റഡിയിലായതോടെ ഇയാളെ ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ് നമീബിയന്‍ സംഘം.