മരുന്നടിക്കേസിൽ ഒളിംപിക് ബർത്ത് തുലാസിലായ ഗുസ്തി താരം നർസിംഗ് യാദവ് റിയോയിലേക്ക് പോകുമോയെന്ന് വ്യാഴാഴ്ചയറിയാം. തനിക്കെതിരായ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് നർസിംഗ് ആവശ്യപ്പെട്ടു. നർസിംഗിന് പകരക്കാരനെകുറിച്ച് ആലോചിച്ചിട്ടില്ലെന്ന് റസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരണ്‍ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഭക്ഷണത്തിൽ മരുന്നു കലർത്തി തന്നെ കുടുക്കിയെന്നായിരുന്നു നർസിംഗിന്‍റെ ആരോപണം. നർസിംഗിന് ഒപ്പം താമസിച്ചിരുന്ന സന്ദീപ് യാദവും ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ ഗൂഢാലോചനാ ആരോപണം ശക്തമായി നർസിംഗിന് എല്ലാ പിന്തുണയും നൽകുമെന്ന് റസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ പറഞ്ഞു.
നർസിംഗിന്‍റെ കാര്യത്തിൽ ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയായ നാഡയുടെ അച്ചടക്കസമിതി ബുധനാഴ്ച അന്തിമ തീരുമാനമെടുക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ നർസിംഗിനെ റിയോയിയേലേക്ക് വീടുന്ന കാര്യത്തിൽ റസ്ലിംഗ് ഫെഡറേഷൻ വ്യാഴാഴ്ച തീരുമാനമെടുക്കും. അതേസമയം റിയോയിലേക്ക് പോകുമെന്നാണ് പ്രതീക്ഷയെന്നും ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നും നർസിംഗ് യാദവ് ആവശ്യപ്പെട്ടു.
