റിയോ ഡി ജനീറോ: മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ റിയോയില്‍ ഇന്ത്യയെ കാത്തിരുന്നത് ദു:ഖവാര്‍ത്ത. ഉത്തജകമരുന്ന് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഗുസ്തി താരം നര്‍സിംഗ് യാദവിനെ വിലക്കണമെന്ന ലോക ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയുടെ ആവശ്യം രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി അംഗീകരിച്ചു. നര്‍സിംഗിന് നാലുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ താരത്തെ അടിയന്തര പ്രാബല്യത്തോടെ വിലക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ നര്‍സിംഗിന് ഒളിംപിക്സില്‍ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലു മണിയോടെയാണ് ഇത് സംബന്ധിച്ച് കോടതിയുടെ ഉത്തരവ് പുറത്തുവന്നത്. നേരത്തെ നര്‍സിംഗിന് മത്സരിക്കാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഉത്തജക മരുന്ന് വിവാദത്തില്‍ നര്‍സിംഗ് യാദവിനെ കുറ്റവിമുക്തനാക്കിയ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) തീരുമാനം റദ്ദാക്കിക്കൊണ്ടാണ് രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയുടെ തീരുമാനം.താന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന നര്‍സിംഗിന്റെ വാദം കോടതി അംഗീകരിച്ചില്ല. . ഇന്ന് വൈകുന്നേരം ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങാനിരിക്കെയാണ് നര്‍സിംഗിന് വിലക്കിക്കൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.

നേരത്തെ നര്‍സിംഗിനെ മത്സരിക്കാന്‍ വാഡ അനുമതി നല്‍കിയതായി അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു. ഇതനുസരിച്ച് ആശങ്കകള്‍ അവസാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. എന്നാല്‍ കോടതിയില്‍ വാദം പൂര്‍ത്തിയാകും മുമ്പായിരുന്നു നര്‍സിംഗിന്റെ അഭിഭാഷകരുടെ അവകാശവാദം. കഴിഞ്ഞ ജൂണ്‍25 നാണ് ഉത്തേജകമരുന്ന് പരിശോധനയില്‍ നര്‍സിംഗ് പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

എന്നാല്‍ താന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന നര്‍സിംഗിന്റെ വാദം അംഗീകരിച്ച നാഡ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ അനുമിത നല്‍കുകയായിരുന്നു. എന്നാല്‍ ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയുടെ തീരുമാനത്തിനെതിരെ ലോക ഉത്തേജക വിരുദ്ധ ഏജന്‍സി(വാഡ) കോടതിയെ സമീപിക്കുകയായിരുന്നു. കോടതി തീരുമാനം പ്രതൂകലമായതോടെ നര്‍സിംഗ് വൈകാതെ നാട്ടിലേക്ക് മടങ്ങും.