റിയോ ഡി ജനീറോ: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദിവിന് ഒളിംപിക്സില്‍ പങ്കെടുക്കാം. നര്‍സിംഗിന് മത്സരിക്കാന്‍ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി അനുമതി നല്‍കി. നര്‍സിംഗിനെ മത്സരിക്കാന്‍ അനുവദിച്ചതിനെതിരെ ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയാണ് കോടതിയെ സമീപിച്ചത്. 74 കിലോ വിഭാഗത്തില്‍ നര്‍സിംഗ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.

കഴിഞ്ഞദിവസം, ഉത്തേജക മരുന്ന്‌ വിവാദത്തില്‍ നര്‍സിംഗിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ലോക ഉത്തേജക മരുന്ന്‌ വിരുദ്ധ ഏജന്‍സി (വാഡ) അപ്പീല്‍ നല്‍കിയിരുന്നു. കായിക തര്‍ക്ക പരിഹാര കോടതിയിലാണ്‌ അപ്പീല്‍ നല്‍കിയത്‌. നേരത്തെ, ഉത്തേജകമരുന്ന്‌ വിവാദത്തില്‍പ്പെട്ട നര്‍സിംഗ് യാദവ് ദേശീയ ഉത്തേജകവിരുദ്ധ സമിതി (നാഡ)യുടെ പ്രത്യേക അനുമതിയോടെയാണ് ഒളിംപിക്സിനെത്തിയത്. 74 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്‌തിയില്‍ മത്സരിക്കാനിരിക്കെയായിരുന്നു യാദവ്‌ ഉത്തേജകമരുന്ന്‌ പരിശോധനയില്‍ പരാജയപ്പെട്ടത്‌.

എന്നാല്‍, താന്‍ ഉത്തേജകമരുന്ന്‌ ഉപയോഗിച്ചിട്ടില്ലെന്നും തനിക്കു നല്‍കിയ ഭക്ഷണത്തില്‍ ആരോ ഉത്തേജകമരുന്ന്‌ കലര്‍ത്തിയതാണെന്നും യാദവ്‌ വാദിച്ചു. നാഡ നടത്തിയ അന്വേഷണത്തില്‍ നര്‍സിംഗിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ. ഇതേത്തുടര്‍ന്നാണു ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ നാഡ അദ്ദേഹത്തിന്‌ അനുമതി നല്‍കിയത്‌. രണ്ടുതവണ ഒളിംപിക്സ് മെഡല്‍ നേടിയിട്ടുള്ള സുശീല്‍ കുമാറുമായുള്ള നിയമപോരാട്ടത്തിനൊടുവിലായിരുന്നു നര്‍സിംഗ്‌ ഒളിംപിക്സ് ബെര്‍ത്ത്‌ ഉറപ്പിച്ചത്‌