റിയോ ഡി ജനീറോ: ഒളിംപിക്സ് ഹോക്കിയില്‍ ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ശ്രീജേഷിനെയും സംഘത്തിനെയുംക്കാള്‍ നെതര്‍ലന്‍ഡസ് ഇന്ന് ഭയപ്പെടുക ഇന്ത്യന്‍ കോച്ചിനെ ആയിരിക്കും. നെതര്‍ലന്‍ഡ്സിനെ ആദ്യമായി ഒളിംപിക് ചാമ്പ്യന്‍മാരായക്കിയ റോളണ്ട് ഓള്‍ട്ട്മാന്‍സാണ് ഇന്ത്യയുടെ പരിശീലകന്‍ എന്നതുതന്നെ കാരണം. നെതര്‍ലന്‍ഡ്സിന് ലോക ഹോക്കിയില്‍ മേല്‍വിലാസമുണ്ടാക്കിയ പരിശീലകനാണ് റോളണ്ട് ഓള്‍ട്ട്മാന്‍സ്. 1996ല്‍ നെതര്‍ലന്‍ഡ്സ് ആദ്യമായി ഒളിംപിക്‌സ് ഹോക്കി സ്വര്‍ണം നേടുമ്പോള്‍ ഓള്‍ട്ട്മാന്‍സ് ആയിരുന്നു കോച്ച്.

പിന്നീട് ഓള്‍ട്ട്മാന്‍സിന്റെ തന്ത്രങ്ങളുടെ മികവില്‍ ഡച്ചുകാര്‍ ലോകചാമ്പ്യന്‍മാരുമായി. ഇതേ ഓള്‍ട്ട്മാന്‍സിന്റെ തന്ത്രങ്ങളുമായാണ് ഇന്ത്യ ഇന്ന് ഡച്ചുകാരെ നേരിടുന്നത്. നെതര്‍ലന്‍ഡ്സിനെ വീഴ്‌ത്താനുള്ള തന്ത്രങ്ങള്‍ ഒരുക്കിക്കഴിഞ്ഞുവെന്ന് ഓള്‍ട്ട്മാന്‍സ് പറയുന്നു. ഇരുടീമുകളും ഇതിന് മുന്‍പ് പത്തുതവണ ഒളിംപിക്‌സില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ആറിലും ഇന്ത്യക്ക് ജയം. മൂന്നെണ്ണം തോറ്റപ്പോള്‍ ഒരു കളി സമനിലയില്‍.

1984ലെ ലോസാഞ്ചലസ് ഒളിംപിക്‌സിലായിരുന്നു ഇന്ത്യയുടെ അവസാന ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക്. ഏതന്‍സിലും ലണ്ടനിലും നെതര്‍ലന്‍ഡ്സിനായിരുന്നു ജയം. ലണ്ടനിലെ വെള്ളിമെഡല്‍ ജേതാക്കളായ നെതര്‍ലന്‍ഡ് മൂന്ന് കളികളില്‍ നിന്ന് അടിച്ചുകൂട്ടിയത് 15 ഗോളുകള്‍. ഈ ഗോള്‍വേട്ട തടയുക എന്നതായിരിക്കും ഓള്‍ട്ട്മാന്‍സിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി തന്ത്രങ്ങളെല്ലാം ഒരുക്കിക്കഴിഞ്ഞുവെന്ന് ഓള്‍ട്ട്മാന്‍സ് പറയുന്നു.