റിയോ ഡി ജനീറോ: ഇതാണ് ക്യാപ്റ്റന്റെ കളി. ഒരു ഗോള്‍ അടിക്കുക, ഒടുവില്‍ നിര്‍ണായകമായ പെനാല്‍റ്റി കിക്ക് കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ച് ടീമിനെ ഒളിംപിക് ജേതാക്കളാക്കുക. ഇതില്‍ കൂടുതല്‍ എന്തുവേണം ഒരു കാല്‍പ്പന്തുകളിക്കാരന്. സ്വപ്‌നസമാനമായ ഈ നേട്ടം കൈവരിച്ചാണ് ബ്രീസിലന്റെ സൂപ്പര്‍ താരം നെയ്‌മര്‍ നായകപദവി ഒഴിഞ്ഞത്. ക്യാപ്റ്റനെന്ന നിലയില്‍ വലിയ നേട്ടം സ്വന്തമാക്കിയെന്ന് നെയ്മര്‍ മല്‍സര ശേഷം പറഞ്ഞു. അടുത്തു തുടങ്ങാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ബ്രസീലിന് പുതിയ ക്യാപ്റ്റന്‍ ഉണ്ടാകുമെന്ന് നെയ്‌മര്‍ പറഞ്ഞു.
ലോകകപ്പ്, കോപ്പ അമേരിക്ക അങ്ങനെ ഒട്ടുമിക്ക പ്രധാന ഫുട്ബോള്‍ കിരീടങ്ങളെല്ലാം സ്വന്തമാക്കിയെങ്കിലും നാളിതുവരെ ഒരു ഒളിംപിക്‌സ് സ്വര്‍ണം ബ്രസീലിന് കിട്ടാക്കനിയായിരുന്നു. എന്നാല്‍ സ്വന്തം തട്ടകമായ മാരക്കാനയില്‍ ആരാധകരുടെ മുന്നില്‍വെച്ചു തന്നെ ഒളിംപിക് സ്വര്‍ണം നേടാനായത് ബ്രസിലിന് സാധിച്ചിരിക്കുന്നു. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ നെയ്‌മറും. തുടക്കത്തില്‍ കളി നിരാശാജനകമായിരുന്നു. ദക്ഷിണാഫ്രിക്കയോടും ഇറാഖിനോടും ഗോള്‍രഹിത സമനിലയോടെ തുടക്കം. പിന്നീട് ഗബ്രിയേല്‍ ബാര്‍ബോസയുടെ ഇരട്ടഗോളിന്റെ കരുത്തില്‍ ഡെന്‍മാര്‍ക്കിനെ 4-0ന് തകര്‍ത്തു. ഈ കളിയില്‍ ഗോള്‍ നേടാനായില്ലെങ്കിലും ബ്രസീലിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് നെയ്‌മര്‍ ആയിരുന്നു.
ലോകകപ്പ് ക്വാര്‍ട്ടറിനെ അനുസ്‌മരിപ്പിച്ച് റിയോയിലും കൊളംബിയ എതിരാളിയായി വന്നു. എന്നാല്‍ നെയ്‌മറിന്റെയും ലുവാന്റെയും ഗോളുകളിലൂടെ കൊളംബിയയെ മറികടന്നു. സെമിയില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ നെയ്‌മറുടെ വക രണ്ടു ഗോളുകളുണ്ടായിരുന്നു. ഗബ്രിയേല്‍ ജീസസും ഇരട്ടഗോള്‍ നേടിയിരുന്നു.
ടൂര്‍ണമെന്റില്‍ ഉടനീളം മിന്നുന്ന പ്രകടനമാണ് നെയ്‌മര്‍ കാഴ്‌ചവെച്ചത്. നെയ്‌മര്‍ ഉള്‍പ്പടെ മൂന്നു സീനിയര്‍ താരങ്ങള്‍ (23 വയസിന് മുകളില്‍)മാത്രമാണ് ടീമില്‍ ഉണ്ടായിരുന്നത്. ജൂനിയര്‍ താരങ്ങള്‍ നല്‍കിയ മികച്ച പിന്തുണയെ നെയ്‌മര്‍ വാനോളം പുകഴ്‌ത്തുന്നു. ടീം ഒത്തിണക്കത്തോടെ കളിച്ചതുകൊണ്ടാണ് ഒളിംപിക് സ്വര്‍ണം നേടാനായതെന്നും നെയ്‌മര്‍ പറയുന്നു. ഈ കളിക്കാര്‍ ബ്രസീല്‍ ഫുട്ബോളിന്റെ ഭാവി ശോഭനമാക്കും. ഈ ടീമിലെ എല്ലാ കളിക്കാരും ബ്രസീല്‍ ദേശീയ ടീമില്‍ ഇടംനേടാന്‍ അര്‍ഹതയുള്ളവരാണെന്നും നെയ്‌മര്‍ പറഞ്ഞു.
