റിയോഡിജനീറോ: റിയോയിൽ റഷ്യക്ക് വീണ്ടും തിരിച്ചടി. ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്ന് ലോകചാമ്പ്യനടക്കം അഞ്ച് കനോയിംഗ് താരങ്ങളെ വിലക്കി. കനോയിങ്ങിൽ അഞ്ചു തവണ ലോക ചാമ്പ്യനായ കൊറൊവാഷ്കോവ്, സ്വർണമെഡൽ ജേതാവായ ദ്യാഞ്ചെങ്കോ എന്നിവരടക്കം അഞ്ച് താരങ്ങളെയാണ് അന്താരാഷ്ട്ര കനോയി ഫെഡറേഷൻ വിലക്കിയിരിക്കുന്നത്.

താരങ്ങളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയാണെന്നും റിയോയിൽ മത്സരിക്കാനാവില്ലെന്നും ഫെഡറേഷൻ സെക്രട്ടറി ജനറൽ സിമോൺ ടോൾസൺ അറിയിച്ചു. ഉത്തേജക വിവാദത്തെക്കുറിച്ച് അന്വേഷിച്ച മക്ലാരൺ റിപ്പോർട്ടിൽ പേരുണ്ടായിരുന്ന പെന്റാത്‍ലൺ താരങ്ങളായ മാക്സിം കുട്സോവ്,ഇലിയ ഫ്രോലോവ് എന്നീ താരങ്ങൾക്ക് പെന്‍റാത്തലൺ ഫെഡറേഷനും വിലക്കേർപ്പെടുത്തി. ഇത് കൂടാതെ ഏഴു നീന്തൽ താരങ്ങൾക്കും മൂന്ന് തുഴച്ചിൽ താരങ്ങൾക്കും രണ്ട് ഭാരോധ്വഹന താരങ്ങൾക്കും ഒരു ഗുസ്തി താരത്തിനും റിയോ ടിക്കറ്റ് നഷ്ടമായി.

അതേസമയം, ഷൂട്ടിംഗ്, ടെന്നിസ്, ജൂഡോ താരങ്ങൾക്ക് മത്സരിക്കാൻ അനുമതി ലഭിച്ചു. മഗ്ലാരൻ റിപ്പോർട്ടിൽ പേരില്ലാത്തതും ഇതുവരെ ഉത്തേജക പരിശോധനയിൽ പിടിയിലാകാത്തതുമാണ് താരങ്ങൾക്ക് ഗുണമായത്. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുചിൻ ഓണററി അധ്യക്ഷനായ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷനാണ് ജൂഡോ താരങ്ങൾക്ക് മത്സരിക്കാൻ അനുമതി നൽകിയത്. നേരത്തെ ടെന്നിസ് താരങ്ങൾക്കും റിയോയിലേക്ക് പോകാൻ അനുമതി കിട്ടിയിരുന്നു. റിയോയിലേക്ക് യോഗ്യത നേടിയ 18 ഷൂട്ടിംഗ് താരങ്ങൾക്കും അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷൻ മത്സരിക്കാൻ അനുമതി നൽകി. അതാത് കായിക ഫെഡറേഷനുകൾ അനുവദിച്ചാൽ റിയോ ഒളിമ്പിക്സിൽ റഷ്യൻ താരങ്ങൾക്ക് മത്സരിക്കാമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി അറിയിച്ചിരുന്നു.

റഷ്യയ്ക്ക് പുറത്ത് ഈ താരങ്ങളെല്ലാം കഴിഞ്ഞ കുറച്ച് കാലമായി വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും പലതവണ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫെഡറേഷൻ അറിയിച്ചു. എങ്കിലും ഫെഡറേഷനുകളുടെ വിധികാത്ത് നിന്ന റഷ്യയ്ക്ക് കൂടുതൽ താരങ്ങളുടെ വിലക്ക് വലിയ തിരിച്ചടിയാണ്.