പി ടി ഉഷയുടെ മെഡല്‍ നഷ്ടത്തില്‍ വിതുമ്പിയ ഒളിമ്പിക് ചാമ്പ്യന്‍!

മലയാളിയുടെ സ്വപ്നങ്ങളേക്കാള്‍ വേഗത്തില്‍ ഓടിയ പി ടി ഉഷയ്ക്ക് ഒളിമ്പിക് മെഡല്‍ നഷ്ടമായത് സെക്കന്‍ഡിന്റെ നൂറിലൊരംശത്തിലാണ്. 1994ല്‍ ലോസ് ആഞ്ചലസില്‍ നടന്ന ഒളിമ്പിക്സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് പി ടി ഉഷയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്. അന്ന് പി ടി ഉഷയുടെ ദു:ഖത്തില്‍ ഇന്ത്യയൊന്നാകെ പങ്കുചേര്‍ന്നു. ഇന്നും ആ നഷ്ടം ഇന്ത്യന്‍ കായികലോകം ചര്‍ച്ച ചെയ്യാറുണ്ട്. അന്ന് ഉഷയുടെ നഷ്ടത്തില്‍ ഇന്ത്യക്കൊപ്പം വിതുമ്പിയ, വിദേശിയായ ഒരു ഒളിമ്പ്യനുണ്ട്. മറ്റാരുമല്ല അത്. ഉഷയ്ക്കൊപ്പം മത്സരിച്ച് സ്വര്‍ണം നേടിയ നവാല്‍ ഏല്‍ മൌതവക്കേല്‍ ആണ് ആ താരം.

മൊറോക്കോയുടെ നവാലിന് ഉഷയോട് ആരാധനയായിരുന്നു. സ്വന്തം നേട്ടത്തിലെ സന്തോഷത്തിനപ്പുറം ഉഷയുടെ മെഡല്‍നഷ്ടമായിരുന്നു നവാലിന്റെ മനസ്സില്‍. ഉഷയ്ക്ക് മെഡല്‍ നഷ്ടമായപ്പോള്‍ കരച്ചിലടക്കാനായില്ലെന്നാണ് നവാല്‍ പറഞ്ഞത്.

നവാല്‍ ഇന്ത്യന്‍ താരങ്ങളുമായി ബന്ധം സ്ഥാപിച്ച് തുടങ്ങുന്നത് പി ടി ഉഷയിലൂടെയാണ്. ഉഷ മെഡല്‍ നേടണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ലോ റെയ്‌സ് വേള്‍ഡ് സ്‌പോര്‍ട്‌സ് അവാര്‍ഡുദാന ചടങ്ങിലാണ് നവാല്‍ പറഞ്ഞത്. എനിക്കൊപ്പം ഉഷയ്ക്കൊപ്പം മെഡല്‍ കിട്ടണമെന്നായിരുന്നു ആഗ്രഹം. ഉഷ നാലാമതായപ്പോള്‍ ഞാന്‍ കരഞ്ഞു - നവാല്‍ പറഞ്ഞു.

ആഫ്രിക്കയില്‍ ജനിച്ച് ഒളിമ്പിക്സ് ചാമ്പ്യനാകുന്ന ആദ്യ മുസ്ലിം താരമാണ് നവാല്‍. ഒളിമ്പിക്സ് സ്വര്‍ണം നേടുന്ന ഒന്നാമത്തെ മോറോക്കന്‍ താരവുമാണ് നവാല്‍. മികച്ച അത്‌ലറ്റായ നവാല്‍ മൊറോക്കോയിലെ കായികമന്ത്രിയുമായി.