റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ മണ്ണിലെ ആദ്യ ഒളിംപിക്സിന് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തില്‍ ദീപം തെളിഞ്ഞു. പ്രൗഡഗംഭീരമായ ഉദ്ഘാടനച്ചടങ്ങിനൊടുവില്‍ കായികപ്രേമികളെ ആകാംക്ഷയുടെ പരകോടിയിലെത്തിച്ച് ബ്രസീലിന്റെ മാരത്തണ്‍ താരം വാന്‍ഡര്‍ ലീ ലിമയാണ് മുപ്പത്തിയൊന്നാമത് ഒളിംപിക്സിന് ദീപം തെളിച്ചത്. ഇനിയുള്ള 16 നാളുകള്‍ കായികലോകത്തിന്റെ കണ്ണും കാതും റിയോയിലേക്ക് മാത്രമായി ചുരുങ്ങും. 206 രാജ്യങ്ങളിൽനിന്നുമുള്ള 11,000 കായിക താരങ്ങൾ 28 ഇനങ്ങളിലെ 306 മൽസരങ്ങളിൽ പോരാടും. 21ന് ആണു സമാപനം.

പാരമ്പര്യവും പുതുമയും പ്രൗഡിയും ഒരു പോലെ നിഴലിക്കുന്നതായിരുന്നു നാലു മണിക്കൂറിലേറെ നീണ്ട ഉദ്ഘാടന ചടങ്ങുകൾ. ആരാകും ഒളിംപിക് ദീപം തെളിക്കുക എന്നത് സംബന്ധിച്ച് അവസാന നിമിഷം വരെ ആകാംക്ഷ നിലനിര്‍ത്തിയിരുന്നു സംഘാടകര്‍. വാന്‍ഡര്‍ ലീ ലിമയോ ഗുസ്താവോ ക്വേര്‍ട്ടനോ ദീപം തെളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ദീപശിഖയുമായി ക്വേര്‍ട്ടന്‍ മാരക്കാന സ്റ്റേഡിയത്തിലെത്തി. ദീപശിഖയുമായി അല്‍പദൂരം മുന്നോട്ടുപോയശേഷം ക്വേര്‍ട്ടന്‍ ദീപശിഖ ബ്രസീലിന്റെ ബാസ്കറ്റ് ബോള്‍ താരം ഗുഗായ്ക്ക് കൈമാറി. ഫിനിഷിംഗ് പോയന്റിന് തൊട്ടടുത്ത് വെച്ച് വാന്‍ഡര്‍ ലീ ലിമയ്ക്ക് ഗുഗ ദീപശിഖ കൈമാറിയപ്പോള്‍ അത് ലിമയുടെ പോരാട്ടവീര്യത്തിനുള്ള അര്‍ഹമായ അംഗീകാരമായി.

2004ലെ ആഥന്‍സ് ഒളിംപിക്സില്‍ മാരത്തണില്‍ സ്വര്‍ണത്തിലേക്ക് കുതിക്കവെ കാണികളിലൊരാളുടെ ആക്രമണത്തെത്തുടര്‍ന്ന് സ്വര്‍ണം നഷ്ടമായ താരമാണ് ലിമ. ഫിനിഷിംഗ് പോയന്റിന് അടുത്തെത്തവെ ഒരു അക്രമി അദ്ദേഹത്തെ തള്ളി മാറ്റുകയായിരുന്നു. എന്നാല്‍ വീണിടത്തുനിന്ന് എഴുന്നേറ്റ് ഓടിയ ലിമ വെങ്കലം നേടി. അന്ന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും സ്വന്തം നാട്ടില്‍ ഒളിംപിക്സ് വിരുന്നെത്തിയപ്പോള്‍ ലിമ ബ്രസീലിന്റെ പോരാട്ടവീര്യത്തിന്റെ പ്രതീകമായി കായികലോകത്തിന്റെ മാമാങ്കത്തിന് ദീപം തെളിച്ച് അന്നത്തെ വെങ്കലത്തെ സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ളതാക്കി.

നേരത്തെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ 95-ാം രാജ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ മാരക്കാന സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയാണ് ത്രിവര്‍ണപതാകയേന്തി ഇന്ത്യന്‍ സംഘത്തെ നയിച്ചത്. മത്സരമുള്ളതിനാല്‍ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഹോക്കി താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തില്ല.

ചരിത്രം രചിച്ച് 11 പേരടങ്ങുന്ന അഭയാർഥികളുടെ പ്രത്യേക ഒളിംപിക്സ് സംഘവും മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തു. ഒളിംപിക് പതാകയുമായാണ് അഭയാര്‍ഥി സംഘമെത്തിയത്.മാർച്ച് പാസ്റ്റിന് സമാപനം കുറിച്ച് ആതിഥേയ രാജ്യമായ ബ്രസീൽ ഒളിംപിക് സംഘമെത്തി. കായികമേഖലയിലൂന്നിയ സാമൂഹിക പ്രവർത്തനത്തിനുള്ള പ്രഥമ ലൊറേൽ പുരസ്കാരം കെനിയയുടെ മുൻ ഒളിംപിക്സ് ചാംപ്യൻ കിപ് കയ്നോ ഏറ്റുവാങ്ങി.

അതിനിടെ, മുഖ്യവേദിയായ മാറക്കാന സ്റ്റേഡിയത്തിന് സമീപം പ്രതിഷേധവും നടന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ഒളിംപിക്സ് നടത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധം. രാജ്യസുരക്ഷയ്ക്കുള്ള അവശ്യഫണ്ടുപോലും ഒളിംപിക്സിനായി വകമാറ്റിയെന്നും സമരക്കാര്‍ ആരോപിച്ചു. പ്രതിഷേധക്കാരെ തുരത്തിയോടിക്കാനുള്ള സുരക്ഷാസേനയുടെ ശ്രമം സംഘര്‍ഷത്തില്‍ അവസാനിച്ചു.