റിയോ ഡി ജനീറോ: ദീപം തെളിയാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഒളിംപിക് സംഘാടക സമിതി. കഴിഞ്ഞ രണ്ട്  തവണയും എന്ന പോലെ ചലച്ചിത്ര സംവിധായകരാണ് റിയോയിലും ദൃശ്യവിസ്മയത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകളുടെ ചരിത്രത്തില്‍ ഏറ്റവും മികച്ചതെന്ന് ലോകം ഒരേ സ്വരത്തില്‍ പറഞ്ഞതാണ് 2008ല്‍  ബീജിംഗില്‍ കണ്ടത്. ചൈനീസ് സംവിധായകന്‍ ഴാംഗ് യിമോയു ആയിരുന്നു ആ അത്ഭുതക്കാഴ്ചകളുടെ അണിയറയില്‍. ഒസ്‌കര്‍ പുരസ്‌കാര ജേതാവ് ഡാനി ബോയലാണ് കഴിഞ്ഞ തവണ ലണ്ടനില്‍ ഉദ്ഘാടന ചടങ്ങിനെ മികവുറ്റതാക്കാന്‍ പിന്നിലുണ്ടായിരുന്നത്.

ഇത്തവണയും ചലച്ചിത്ര സംവിധായകരെ തന്നെയാണ് ഒലിംപിക് സംഘാടക സമിതി ഉദ്ഘാടന ചടങ്ങിന്റെ ചുമതല ഏല്‍പിച്ചിരിക്കുന്നത്. വിശ്വ പ്രസിദ്ധ ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മിരെല്ലാസിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ലോക ക്ലാസികുകളില്‍ ഒന്നായ സിറ്റി ഓഫ് ഗോഡ് അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകനാണ് ഫെര്‍ണാണ്ടോ മിരെല്ലാസ്.  തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ട് എന്നാണ് മിരല്ലെസാ് ഇതിനെ വിശേഷിപ്പിച്ചത്. ബ്രസീലിയന്‍ സംവിധായകരായ ആന്‍ഡ്രുച്ച വാഡിംഗ്ടണ്‍, ഡാനിയേല തോമസ് എന്നിവരും മിരെല്ലാസിനൊപ്പമുണ്ട്. ബീജിംഗിനെ വെല്ലാന്‍ റിയോക്കാകുമെന്ന ഉറപ്പാണ് മിരെല്ലാസും സംഘവും ലോകത്തിന് നല്‍കുന്നത്.