റിയോ ഡി ജനീറോ: ഒളിംപിക്‌സിന്റെ സമാപന ചടങ്ങുകള്‍ക്ക് നിറം പകരാന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ എത്തിയേക്കും. ചടങ്ങില്‍ പങ്കടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പെലെ ട്വീറ്റ് ചെയ്തു. സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് അറിയിച്ചു.

റിയോ ഒളിംപിക്‌സിന്റെ ഉദ്ഘാടന വേളയില്‍ ദീപം തെളിയിക്കാന്‍ പെലെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ലോകം. എന്നാല്‍ അനാരോഗ്യം മൂലം പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉദ്ഘാടന ചടങ്ങിന് ഒരു ദിവസം മുമ്പ് പെലെ അറിയിക്കുയായിരുന്നു. പെലയുടെ അഭാവത്തില്‍ മാരത്തണ്‍ താരം വാന്‍ഡര്‍ ലിമ ഒളിംപിക്‌സ് ദീപം തെളിച്ചു. താനിപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്നും സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പെലെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. പെലയുടെ സാന്നിധ്യമുണാടാകുമോ എന്ന് സംഘാടതകര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബ്രസീലിന്റെ ഇടക്കാല പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ അറിയിച്ചു. ഉദ്ഘാടന വേളയില്‍ കാണികളില്‍ നിന്നുണ്ടായ മോശം പ്രതികരണമാണ് തീരുമാനത്തന് പിന്നിലെന്നാണ് സൂചന. എന്നാല്‍ രാഷ്ട്രത്തലവന്‍ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഔദ്യോഗിക നിയമമില്ലെന്നാണ് ടെമറിന്റെ ഓഫിസ് നല്‍കുന്ന വിശദീകരണം. അടുത്ത തവണ ഒളിംപിക്‌സ് വേദിയാകുന്ന ജപ്പാന്റെ പ്രധാനമന്ത്രി ഷിന്‍സോ അബെ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുമുണ്ട്.