റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ ദീപം തെളിക്കുന്നത് ഫുട്‌ബോള്‍ ഇതിഹാസം പെലെ ആണോയെന്ന് ഇന്നറിയാം. സ്‌പോണ്‍സര്‍മാരുമായി ആലോചിച്ചശേഷം തീരുമാനം അറിയിക്കാമെന്നാണ് പെലെയുടെ നിലപാട്. അതേസമയം, അവസാനം വരെ സസ്‌പെന്‍സായിരിക്കേണ്ട കാര്യം പരസ്യമായതിന്റെ നിരാശയിലാണ് സംഘാടകര്‍.

ആരാകും ഒളിംപിക് ദീപം തെളിക്കുക? എങ്ങനെയായിരിക്കും അത്? ഓരോ ഒളിംപിക്‌സിലും ദീപം തെളിക്കുന്‌പോള്‍ മാത്രം ലോകം അറിയുന്ന രണ്ട് കാര്യങ്ങള്‍. എന്നാല്‍ ഇത്തവണ ആ രഹസ്യം ഏറെക്കുറെ പുറത്തായ മട്ടാണ്. ഫുട്‌ബോള്‍ ഇതിഹാസം പെലെയെ റിയോയില്‍ ഒളിംപിക് ദീപം തെളിക്കാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ബ്രസീലിയന്‍ കമ്മിറ്റി പ്രസിഡന്റ് കാര്‍ലോസ് ആര്‍തറും ക്ഷണിച്ച കാര്യം പരസ്യമായി. പെലെ മറ്റന്നാള്‍ മാരക്കാനയില്‍ എത്തിയാല്‍ സ്‌പോണ്‍സര്‍മാര്‍ നിശ്ചയിച്ച മറ്റൊരു ട്രിപ്പ് ഒഴിവാക്കേണ്ടിവരും. അതിനാല്‍ സ്‌പോണ്‍സര്‍മാരുമായി ആലോചിച്ച് ഇന്ന് തീരുമാനം അറിയിക്കാമെന്നാണ് പെലെ നല്‍കിയ മറുപടി. ഫുട്‌ബോള്‍ ജീവവായുവായ നാട്ടില്‍ പെലെയല്ലാതെ മറ്റാര് ദീപം തെളിക്കാനെന്ന് ഫുട്‌ബോള്‍ ആരാധകരും ചോദിക്കുന്നു. എന്തായാലും തങ്ങള്‍ പെലെയെ സമീപിച്ച കാര്യം എങ്ങനെ പുറത്തായെന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഭാരവാഹികള്‍ ആശങ്കപ്പെടുന്നത്.