ദില്ലി: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഗുസ്തിതാരം നര്‍സിംഗ് യാദവിന് പകരം പ്രവീണ്‍ റാണ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റേതാണ് തീരുമാനം. ബി സാമ്പിളിലും ഉത്തേജകമരുന്നിന്റെ അംശം കണ്ടെത്തിയ നര്‍സിംഗ് യാദവ് ഇപ്പോള്‍ താത്കാലിക വിലക്ക് നേരിടുകയാണ്.

റിയോയിലേക്ക് പോകുന്നതിന് മുന്നോടിയായി ജോര്‍ജിയയിലേക്ക് പോയ ഗുസ്തി സംഘത്തിലും നര്‍സിംഗ് ഉണ്ടായിരുന്നില്ല. ഇതോടെയാണ് പകരക്കാരനെ വിടാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തീരുമാനിച്ചത്. ഗുസ്തിയുടെ അന്താരഷ്‌ട്ര സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിംഗിന് പ്രവീണ്‍ റാണയുടെ പേര് കൈമാറി.

ലോക ചാമ്പ്യന്‍ഷിപ്പ് ട്രയല്‍സില്‍ നര്‍സിംഗിന് മുന്നില്‍ കീഴടങ്ങിയ താരമാണ് പ്രവീണ്‍. 2014ല്‍ അമേരിക്കയിലും കഴിഞ്ഞ വര്‍ഷം ഇറ്റലിയിലും നടന്ന അന്താരാഷ്‌ട്ര ടൂര്‍ണമെന്‍റുകളില്‍ സ്വര്‍ണം നേടിയതാണ് റാണയ്‌ക്ക് നേട്ടമായത്. അതേസമയം നര്‍സിംഗിന്‍റെ കാര്യത്തില്‍ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ നാഡയുടെ അച്ചടക്കസമതിയുടെ റിപ്പോര്‍ട്ട് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് റസ്‌ലിംഗ് ഫെഡറേഷന്‍.