കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി എട്ട് ദിവസങ്ങള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്‍മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി റിയോയിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പികിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്‍ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി asianetnews.tvയും ആവേശത്തില്‍ പങ്കുചേരുന്നു. ഒളിമ്പിക്സ് വിശേഷങ്ങള്‍ ദിവസവും asianetnews.tvയില്‍ വായിക്കാം. ഹണി ആര്‍ കെ എഴുതുന്ന കോളം - റോഡ് ടു റിയോ
മത്സരിക്കുന്നത് രാജകുമാരിയെങ്കില്‍ നിയമം ബാധകമല്ല!
ഒളിമ്പിക്സ് ഗെയിംസില്‍ പങ്കെടുത്ത ഒരേയൊരു ബ്രിട്ടിഷ് രാജകുടുംബാംഗമാണ് ആനി രാജകുമാരി. എലിസബത്ത് രാജ്ഞിയുടെ ഏക മകളായ ആനി രാജകുമാരി 1976 ഒളിമ്പിക്സിലാണ് മത്സരത്തിന് പങ്കെടുത്തത്. അശ്വാഭ്യാസ വിഭാഗത്തില്‍ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ആനി മത്സരിച്ചിരുന്നു.വ്യക്തിഗത ഇനത്തില്‍ ഇരുപത്തിനാലാം സ്ഥാനത്ത് മാത്രമാണ് ആനിക്ക് എത്താനായത്.
ടീം വിഭാഗത്തില്‍ ഒമ്പതാം സ്ഥാനത്തുമെത്തി.രാജകുടുംബമെന്ന പരിഗണനയോടെയായിരുന്നു ആനി ഒളിമ്പിക്സില്‍ മത്സരിച്ചത്. 1976 ഒളിമ്പിക്സില്‍ ലിംഗ നിര്‍ണ്ണയ പരിശോധനയ്ക്ക് വിധേയയാകാതിരുന്ന ഒരേയൊരു വനിതാ താരമായിരുന്നു ആനി രാജകുമാരി.(1968, മെക്സിക്കോ സിറ്റി ഒളിമ്പിക്സ് മുതല്‍ വനിതാ താരങ്ങള്‍ക്ക് ലിംഗ നിര്‍ണ്ണയ പരിശോധന ഏര്‍പ്പെടുത്തിയിരുന്നു).
എലിസബത്ത് രാജ്ഞിയുടെ മകള്‍ക്ക് ഇത്തരം നിയമങ്ങള്‍ ബാധകമല്ല എന്ന തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്.
