കോഴിക്കോട്: ലിംഗ നിര്‍ണയ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഒളിംപ്യന്‍ പി ടി ഉഷ. കാസ്റ്റര്‍ സെമന്യയെ പോലെ പൂര്‍ണമായി സ്ത്രീകള്‍ അല്ലാത്ത കായിക താരങ്ങളെ വനിതാ വിഭാഗത്തില്‍ മത്സരിപ്പിക്കുന്നത് ശരിയല്ലെന്ന് ഉഷ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കില്‍ ആണ് ഉഷയുടെ പ്രതികരണം. തങ്ങളൊക്കെ മല്‍സരിച്ചിരുന്ന കാലത്ത് ലിംഗനിര്‍ണയം നടത്തി പൂര്‍ണമായും സ്‌ത്രീകളായവരെ മാത്രമാണ് വനിതാ വിഭാഗത്തില്‍ മല്‍സരിപ്പിച്ചിരുന്നത്. മാസമുറ കൃത്യമായും വരുന്നവരും ഗര്‍ഭപാത്രം ഉള്ളവരുമാണ് സ്‌ത്രീകളെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇപ്പോഴത്തെ മല്‍സരം വിലയിരുത്തിയാല്‍, ദീര്‍ഘ-മധ്യദൂര ഓട്ടങ്ങളില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ വരാന്‍ സാധ്യതയുള്ളത് സെമന്യയെ പോലെയുള്ള താരങ്ങളാണെന്നും പി ടി ഉഷ പറയുന്നു. സെമന്യയെ പോലെയുള്ളവര്‍ മല്‍സരിക്കുന്നത് അനുചിതമാണ്. രൂപത്തില്‍ മാത്രം പെണ്ണായിട്ടുള്ളവര്‍ വനിതകള്‍ക്കെതിരെ മല്‍സരിക്കുന്നത് ശരിയല്ല. ഇത് ശരിക്കും സ്‌ത്രീകളോടുള്ള വഞ്ചനയാണെന്നും പി ടി ഉഷ പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു. പി ടി ഉഷ പങ്കെടുക്കുന്ന പോയിന്റ് ബ്ലാങ്ക് ഇന്നു (തിങ്കള്‍) രാത്രി ഏഴരയ്‌ക്ക് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം...