ഹൈദരാബാദ്: പി വി സിന്ധുവിന്റെ മെഡല്‍നേട്ടത്തിന്റെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. അതിനിടെ സിന്ധുവിനെ സ്വന്തമാക്കാന്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കവും തുടങ്ങി. ആന്ധ്രയും തെലങ്കാനയുമാണ് സിന്ധുവിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒളിംപിക്‌സിന് മുമ്പ് പി വി സിന്ധുവിന് വിലയ പ്രോത്സാഹനമൊന്നും നല്‍കിയില്ലെങ്കിലും മെഡല്‍ നേടി ചരിത്രം കുറിച്ചതോടെ അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള മത്സരമാണ് ആന്ധ്രയും തെലങ്കാനയും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്.
ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന സിന്ധു തെലങ്കാനയുടെ മകളാണെന്ന് അവര്‍ പറയുമ്പോള്‍ സിന്ധുവിന്റെ അച്ഛനനും അമ്മയും വിജയവാഡയില്‍ ജീവിച്ചവരായതിനാല്‍ സിന്ധു ആന്ധ്രക്കാരിയൊണെന്നാണ് ആന്ധ്ര സര്‍ക്കാരിന്റെ വാദം. തെലങ്കാന ദേശീയോത്സവത്തോടനുബന്ധിച്ച് സിന്ധു തനത് വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചാണ് തെലങ്കാനക്കാരുടെ അവകാശവാദം. മെഡല്‍ നേട്ടത്തിന് തൊട്ടു പിന്നാലെ തെലങ്കാന സര്‍ക്കാര്‍ സിന്ധുവിന് ഒരു കോടി രൂപയും പരിശീലകന്‍ ഗോപീചന്ദിന് അരക്കോടി രൂപയും സമ്മാനത്തുകയും പ്രഖ്യാപിച്ചു.
ആന്ധ്രക്കാരയ അച്ഛനും അമ്മക്കും ജനിച്ച സിന്ധു ആന്ധ്രയുടെ മകളാണെന്ന വാദമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റേത്. തെലങ്കാന ഒരു കോടി രൂപയാണെങ്കില്‍ ആന്ധ്ര സര്‍ക്കാര്‍ മൂന്ന് കോടി രൂപയാണ് സിന്ധുവിന് സമ്മാനമായി നല്‍കുന്നത്. ഏതായാലും മെഡല്‍ നേടിയ സിന്ധുവിന്റെ ജാതി തിരഞ്ഞ് ഒരു വിഭാഗം രാജ്യത്തിന് തന്നെ അപമാനമായപ്പോഴാണ് അഭിമാനതാരത്തെ സ്വന്തമാക്കാനുള്ള രണ്ട് സംസ്ഥാനങ്ങളുടെ മത്സരം.
സിന്ധു ഇന്ത്യയുടെ മകളാണെന്നും മെഡല്‍ നേട്ടത്തില്‍ ഏവരും സന്തോഷിക്കുകയാണ് വേണ്ടതെന്നുമാണ് മാതാപിതാക്കളായ രമണയുടോയും വിജയലക്ഷമിയുടേയും പ്രതികരണം.
