റിയോ ഡി ജനീറോ: ഒടുവില്‍ ബാഡ്‌മിന്റണിലൂടെ ഒരു മഹാരാജ്യത്തിന് നാണം മറയ്‌ക്കാന്‍ അവസരമൊരുങ്ങുന്നു. റിയോ ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയുണര്‍ത്തി ബാഡ്‌മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലില്‍ കടന്നു. ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ വാങ് യിഹാനെയാണ് ക്വാര്‍ട്ടറില്‍ പത്താം റാങ്കുകാരിയായ പി വി സിന്ധു അട്ടിമറിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 22-20, 21-19. ഒരു ജയം കൂടി നേടിയാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പിക്കാനാകും. ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് കൂടിയായ വാംഗിനെ അട്ടിമറിച്ചത് സെമയില്‍ സിന്ധുവിന് ഏറെ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ഈ തകര്‍പ്പന്‍ വിജയത്തോടെ ഒളിംപിക്‌സില്‍ സെമിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി. ലണ്ടന്‍ ഒളിംപിക്‌സില്‍ സെമിയിലെത്തിയ സൈന നെഹ്‌വാള്‍ വെങ്കലമെഡല്‍ നേടിയിരുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടം ദൃശ്യമായ മല്‍സരത്തില്‍ മനസാന്നിദ്ധ്യം കൈവിടാതെയും പിഴവുകള്‍ വരുത്താതെയുള്ള പ്രകടനമാണ് സിന്ധുവിനെ സെമിയിലെത്തിച്ചത്. ആദ്യ ഗെയിമില്‍ ഒരവസരത്തില്‍ 6-9 എന്ന സ്‌കോറിന് പിന്നില്‍നിന്ന ശേഷമാണ് സിന്ധു തിരിച്ചുവന്നത്. ശക്തമായി തിരിച്ചടിച്ച സിന്ധു 13-13 എന്ന സ്‌കോറിലേക്ക് എത്തിയപ്പോള്‍ മല്‍സരം ശരിക്കും ആവേശകരമായി. 15-14ന് മല്‍സരത്തില്‍ ആദ്യമായി സിന്ധു ലീഡ് എടുക്കുകയും ചെയ്‌തു. പിന്നീട് ലീഡെടുത്തും ലീഡ് വഴങ്ങിയും ഇരുവരും മുന്നേറിയപ്പോള്‍ ഗെയിം 20-20ല്‍ എത്തി. മല്‍സരം ഏറെ ഉദ്വേഗജനകമായി. എന്നാല്‍ അടുത്ത രണ്ടു പോയിന്റും സ്വന്തമാക്കി സിന്ധു ഗെയിം നേടിയെടുത്തു. 29 മിനുട്ട് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധു ആദ്യ ഗെയിം സ്വന്തമാക്കിയത്.

ആദ്യ ഗെയിം ഉജ്ജ്വലപോരാട്ടത്തിലൂടെ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസം രണ്ടാം ഗെയിമിന്റെ തുടക്കം മുതല്‍ പ്രകടമായി. ആദ്യംമുതല്‍ക്കേ സിന്ധു ലീഡെടുത്ത് മുന്നേറി. ഒരു ഘട്ടത്തില്‍ 8-3 എന്ന നിലയിലേക്ക് സിന്ധു മുന്നേറിയതോടെ ഇന്ത്യന്‍ താരത്തിന് വിജയപ്രതീക്ഷയേറി. എന്നാല്‍ പരിചയസമ്പത്ത് കരുത്താക്കി തിരിച്ചടിച്ച ചൈനീസ് താരം 7-9 എന്ന നിലയിലേക്ക് ലീഡ് കുറച്ചു. പിന്നീട് ഇരുതാരങ്ങളും തകര്‍പ്പന്‍ സ്‌മാഷുകളുമായി കളംനിറഞ്ഞപ്പോള്‍ കാണികള്‍ക്ക് അത് ശരിക്കുമൊരു വിരുന്നായി മാറി. സ്‌കോര്‍ 18-18ലേക്കും പിന്നീട് ഉജ്ജ്വല സ്‌മാഷിലൂടെ സിന്ധു 19-19 എന്ന നിലയിലേക്ക് എത്തിയപ്പോള്‍ ഇരുവരുടെയും ആരാധകര്‍ മുള്‍മുനയിലായി. എന്നാല്‍ തുടര്‍ന്നുള്ള രണ്ടു പോയിന്റുകള്‍ സ്വന്തമാക്കിയ പി വി സിന്ധു മല്‍സരം സ്വന്തമാക്കിയപ്പോള്‍ ചൈനീസ് താരം വലിയ നിരാശയിലായിരുന്നു. മാച്ച് പോയിന്റിലേക്കുള്ള ഇന്ത്യന്‍ താരത്തിന്റെ സെര്‍വ്വില്‍, വാംഗിന്റെ റിട്ടേണ്‍ നെറ്റില്‍ കുടുങ്ങിയതോടെയാണ് സിന്ധു കോര്‍ട്ടിലേക്ക് മറിഞ്ഞാണ് വിജയം ആഘോഷിച്ചത്. രണ്ടാം ഗെയിം 25 മിനുട്ടുകൊണ്ടാണ് സിന്ധു സ്വന്തമാക്കിയത്.

വ്യാഴാഴ്‌ച വൈകിട്ട് 5.50നാണ് സിന്ധുവിന്റെ സെമി ഫൈനല്‍ മല്‍സരം. ജപ്പാന്റെ ലോക ആറാം നമ്പര്‍ താരം ഓകോഹാറ നോസോമിയാണ് സിന്ധുവിന്റെ എതിരാളി.