റിയോ ഡി ജനീറോ: സ്വാതന്ത്ര്യദിനത്തിലും ഒളിംപിക്സില്‍ ഇന്ത്യയുടെ നിരാശ തുടരുന്നു. ട്രിപ്പില്‍ ജംപില്‍ മലയാളി താരം രഞ്ജിത് മഹേശ്വരി ഫൈനലിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു. മൂന്നാം ശ്രമത്തില്‍ 15.99 മീറ്റര്‍ പിന്നിടാനെ രഞ്ജിത്തിന് കഴിഞ്ഞുള്ളു. ആദ്യശ്രമത്തില്‍ 15.80 മീറ്ററാണ് രഞ്ജിത് ചാടിയത്.
17.24 മീറ്റര്‍ ചാടിയ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയ്‌ലര്‍ ആണ് ഒന്നാമതെത്തിയത്.
ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്‌സില്‍ 17.30 മീറ്റര്‍ ദൂരം താണ്ടി ദേശീയ റെക്കോര്‍ഡിട്ടായിരുന്നു രഞ്ജിത് ഒളിംപിക്സിന് യോഗ്യത നേടിയത്. ഈ പ്രകടനത്തിന് അടുത്തെത്തുന്ന പ്രകടനം പുറത്തെടുത്തിരുന്നെങ്കില്‍ രഞ്ജിത്തിന് ഫൈനല്‍ യോഗ്യത നേടാമായിരുന്നു. എന്നാല്‍ 16 മീറ്റര്‍ താണ്ടാന്‍ പോലും റിയോയില്‍ രഞ്ജിത്തിനായില്ല.
ഗ്രീക്കോ റോമന്‍ 85 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ രവീന്ദര്‍ കത്രിയും പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഹംഗറിയുടെ വിക്ടര്‍ ലോറിന്‍സിനോടാണ് കത്രി പോരാട്ടമില്ലാതെ കീഴടങ്ങിയത്. സ്കോര്‍ 0-9. വനിതകളുടെ 200 മീറ്ററില്‍ മത്സരിച്ച ഇന്ത്യയുടെ ശ്രബാനി നന്ദയും സെമിയിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു.
